ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണം സിനിമയുടെ വ്യാജപതിപ്പുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റില്‍. കൊച്ചി സൈബര്‍ പോലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ മലയാളികള്‍ എന്നാണ് സൂചന. പ്രതികളെ വൈകിട്ട് സൈബര്‍ സ്റ്റേഷനില്‍ എത്തിക്കും. വ്യാജപതിപ്പ് ഷൂട്ട് ചെയ്തത് കോയമ്പത്തൂരിലെ തീയറ്ററില്‍ വെച്ചെന്ന് സൈബര്‍ പൊലീസ് കണ്ടെത്തിയിരുന്നു. വ്യാജപതിപ്പിന് പിന്നില്‍ തമിഴ് റോക്കേഴ്‌സ് സംഘത്തില്‍പ്പെട്ടവര്‍ എന്നും കണ്ടെത്തിയിരുന്നു.
റിലീസ് ചെയ്ത് രണ്ടാം ദിവസമാണ് ARM വ്യാജപതിപ്പ് ടെലഗ്രാമില്‍ എത്തിയത്. പിന്നാലെ സംവിധായകന്‍ ജിതിന്‍ ലാല്‍ കൊച്ചി സൈബര്‍ പൊലീസില്‍ പരാതി നല്കുകയായിരുന്നു. വിശദമായ അന്വേഷണത്തിലാണ് ചിത്രം പകര്‍ത്തിയത് കോയമ്പത്തൂരിലെ തീയറ്ററില്‍ നിന്നാണ് എന്ന് കണ്ടെത്തിയത്. സിനിമക്കായി ടിക്കറ്റ് ബുക്ക് ചെയ്തത് കശ്മീരില്‍ നിന്നായിരുന്നു. നേരത്തെ ഗുരുവായൂര്‍ അമ്പല നടയില്‍ എന്ന ചിത്രത്തിന്റെ വ്യാജപതിപ്പ് അപ്ലോഡ് ചെയ്ത ഒരാളെ കൊച്ചി സൈബര്‍ പൊലീസ് പിടികൂടിയിരുന്നു. വ്യാജപതിപ്പുകള്‍ തടയാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നാണ് സിനിമ പ്രവര്‍ത്തകരുടെ ആവശ്യം.
ട്രെയിന്‍ യാത്രയ്ക്കിടെ ഒരാള്‍ ചിത്രം മൊബൈല്‍ ഫോണില്‍ കാണുന്ന ദൃശ്യം പുറത്തുവന്നിരുന്നു. സംവിധായകന്‍ ജിതിന്‍ ലാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ജനശതാബ്ദി എക്‌സ്പ്രസില്‍ സഞ്ചരിക്കുകയായിരുന്ന ഒരു സുഹൃത്താണ് ഒരാള്‍ ഫോണില്‍ സിനിമ കാണുന്നതിന്റെ ചിത്രം അയച്ചു നല്‍കിയിരുന്നത്.