കൊച്ചി: മത്സ്യത്തൊഴിലാളിക്ക് കടലിൽ വെടിയേറ്റ സംഭവവുമായി ബന്ധമില്ലെന്ന് നേവി. വെടിയുണ്ട തങ്ങളുടേതല്ലെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് നേവി. സംഭവത്തിൽ തീരദേശ പൊലീസ് കൂടുതൽ രേഖകൾ ആവശ്യപ്പെട്ടെങ്കിലും സാങ്കേതിക തടസങ്ങളുണ്ടെന്ന് നേവി അറിയിച്ചു. അപകടദിവസം നേവിയിൽ പരിശീലനം നടത്തിയവരുടെയും തോക്കുകളുടെയും വിവരങ്ങളാണ് തീരദേശ പൊലീസ് ആവശ്യപ്പെട്ടത്.
അപകടമുണ്ടായത് നേവിയുടെ ഭാഗത്ത് നിന്ന് തന്നെയെന്നാണ് പൊലീസിന്റെ സംശയം. ഇന്നലെ നാവിക പരിശീലന കേന്ദ്രമായ ഐ.എന്‍.എസ് ദ്രോണാചാര്യയില്‍ ആയുധപരിശോധന വിദഗ്ധരുടെ സഹായത്തോടെ പൊലീസ് പരിശോധന നടത്തിയിരുന്നു. വെടിയേറ്റ് നാല് ദിവസമായിട്ടും വെടിയുതിര്‍ന്നത് എവിടെ നിന്നെന്ന് സ്ഥിരീകരിക്കാത്ത സാഹചര്യത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.
ചൊവ്വ പകൽ 12ഓടെയാണ് മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ ഫോർട്ട്‌കൊച്ചി തീരത്തോടുചേർന്ന് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റത്. ചെല്ലാനം അഴീക്കൽ സ്വദേശി സെബാസ്റ്റ്യ (72) ന്റെ വലതു ചെവിക്കാണ് വെടിയേറ്റത്. സെബാസ്റ്റ്യനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിക്ക് ഗുരുതരമായിരുന്നില്ല.