ഐ.ടി മേഖലയില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നവര്‍ക്ക് രാജീവ് ഗാന്ധിയുടെ പേരിലുള്ള പുരസ്‌കാരം നല്‍കാൻ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനം.
മഹാരാഷ്ട്ര ഇന്‍ഫൊര്‍മേഷന്‍ ടെക്നോളജി കോര്‍പ്പറേഷനാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുക്കുക.
ഐ.ടി മേഖലയില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് പുരസ്‌കാരം. രാജീവ് ഗാന്ധിയുടെ ജന്മദിനമായ ആഗസ്റ്റ് ഇരുപതിനായിരിക്കും പുരസ്‌കാര പ്രഖ്യാപനമെന്ന് സംസ്ഥാന ഐ.ടി മന്ത്രി സാതേജ് പട്ടേല്‍ പറഞ്ഞു. രാജീവ് ഗാന്ധിയുടെ പേരിലുള്ള പുരസ്‌കാരം സമ്മാനിക്കുന്നത് അഭിമാനകരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.മുഖ്യമന്ത്രി ഉദ്ധവ് താക്കറെയായിരിക്കും സമ്മാനം നല്‍കുന്നത്. ആഗസ്റ്റ് ഇരുപതിന് പുരസ്‌കാര പ്രഖ്യാപനവും, ഒക്ടോബര്‍ മുപ്പതിന് മുമ്പായി സമര്‍പ്പണവും നടക്കും. അടുത്ത വര്‍ഷം മുതല്‍ ആഗസ്റ്റ് ഇരുപതിന് തന്നെ പുരസ്കാരം വിതരണം ചെയ്യുമെന്നും സാതേജ് പട്ടേല്‍ പറഞ്ഞു.
അവാര്‍ഡ് വിതരണത്തിനായി നോഡല്‍ ഏജന്‍സിയെ നിയമിച്ചതായും മന്ത്രി പറഞ്ഞു. പുരസ്‌കാര ജേതാക്കളുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി.
രാജീവ് ഗാന്ധി ഖേല്‍രത്‌നയുടെ പേര് മാറ്റി മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന എന്നാക്കി മാറ്റിയ മോദി സര്‍ക്കാറിന്റെ നടപടി രാഷ്ട്രീയവിവാദത്തിന് കാരണമായിരുന്നു. പേരുമാറ്റം രാഷ്ട്രീയപ്രേരിതമാണെന്ന് കുറ്റപ്പെടുത്തിയ കോണ്‍ഗ്രസ്, സ്‌റ്റേഡിയങ്ങള്‍ക്ക് സ്വന്തം പേരും ബി.ജെ.പി നേതാക്കളുടെ പേരും നല്‍കിയ മോദിയുടെ ഇരട്ടത്താപ്പാണ് നടപടിയെന്നും വിമര്‍ശിക്കുകയുണ്ടായി.