ഒടുവിൽ കേന്ദ്രത്തിന് വഴങ്ങി ട്വിറ്റർ. ഐടി ചട്ടം അനുസരിച്ച് പരാതി പരിഹാര ഓഫീസറെ നിയമിച്ചു . ട്വിറ്ററുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനായി വിനയ് പ്രകാശ് എന്ന ഉദ്യോഗസ്ഥനെയാണ് നിയമിച്ചിരിക്കുന്നത്. വെബ്സൈറ്റിൽ ഈ വിവരം പ്രസിദ്ധീകരിച്ച ട്വിറ്റർ, ബന്ധപ്പെടാൻ ഒരു ഇ-മെയിൽ ഐഡിയും നൽകിയിട്ടുണ്ട്
എന്നാൽ ചീഫ് കംപ്ലെയൻസ് ഓഫീസറെ ഇതുവരെ ട്വിറ്റർ നിയമിച്ചിട്ടില്ല. താൽക്കാലികമായി ഒരു നിയമനം നടത്തുക മാത്രമാണ് ചെയ്തത്. സ്ഥിരമായി ഒരാളെ നിയമിക്കാൻ എട്ടാഴ്ച സമയം വേണമെന്നാണ് ട്വിറ്റർ ദില്ലി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈ 11-നകം സ്ഥിതിവിവര റിപ്പോർട്ട് പ്രസിദ്ധീകരിക്കുമെന്ന് കോടതിയിൽ ട്വിറ്റർ അറിയിക്കുകയും ചെയ്തിരുന്നു
പുതിയ ഐടി ചട്ടം പ്രസിദ്ധീകരിച്ചതിന് പിന്നാലെ ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമവമ്പൻമാരും കേന്ദ്രസർക്കാരും തമ്മിൽ കടുത്ത വാക്പോരാണ് നടന്നുവരുന്നത്.
” രാജ്യത്തെ നിയമങ്ങൾ അനുസരിച്ചില്ലെങ്കിൽ നിയമപരിരക്ഷയുണ്ടാകില്ലെന്നാണ് ട്വിറ്ററിനോട് കോടതി പറഞ്ഞത്. കോടതി കടുത്ത നിലപാടെടുത്ത സാഹചര്യത്തിൽക്കൂടിയാണ് ട്വിറ്റർ നടപടികൾ വേഗത്തിലാക്കിയത്.
ഐടി ചട്ടങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട് നാല് സംസ്ഥാനങ്ങളിൽ ട്വിറ്ററിനെതിരെ കേസുണ്ട്. ഫേസ്ബുക്കും, വാട്സാപ്പും ഉദ്യോഗസ്ഥനിയമനമടക്കമുള്ളവ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.