കുരുവട്ടൂർ ഗ്രാമ പഞ്ചായത്തിന്റെയും നാഷണൽ ബാംബു മിഷന്റെയും നേതൃത്വത്തിൽ പൂനൂർ പുഴയോരത്ത് മുള തൈകൾ വച്ചുപിടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം നടന്നു. നാഷണൽ ബാംബൂ മിഷന്റെ നേതൃത്വത്തിൽ നൽകിയ അഞ്ഞൂറോളം തൈകളാണ് കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി പൂനൂർ പുഴയോരത്ത് വച്ചുപിടിപ്പിക്കുന്നത്. ഹരിതകേരളം മിഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മുള തൈ നട്ടു കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരിത. എ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും ആസൂത്രണ സമിതി അദ്ധ്യക്ഷനുമായ അപ്പുക്കുട്ടൻ മുഖ്യാതിഥിയായി. വാർഡ് മെമ്പർ ശശികല സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡന്റ് ടി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.
ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ എ.രാജേഷ് പദ്ധതി വിശദീകരണം നടത്തി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിനി,
കിഴക്കാൽ കടവ് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് രാഗേഷ്, പൂനൂർ പുഴ സംരക്ഷണ സമിതി ചെയർമാൻ ബാലകൃഷ്ണൻ മാസ്റ്റർ, ഇ.സുരേന്ദ്രൻ, ഹരീഷ് കുമാർ, മുൻ വാർഡ് മെമ്പർ കെ.സി ഭാസ്ക്കരൻ, പഞ്ചായത്ത് വി.ഇ.ഒ ആഷിക് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തൊഴിലുറപ്പുപദ്ധതി അസിസ്റ്റൻറ് എൻഞ്ചിനീയർ ബാസിൽ നന്ദി പ്രകാശിപ്പിച്ചു. കൊവിഡ് മാനദണ്ഡം പാലിച്ച് നടത്തിയ പരിപാടിയിൽ പ്രദേശവാസികൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കാളികളായി.
നേരത്തെ പൂനൂർ പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ കഴിഞ്ഞ വർഷങ്ങളിലായി കുരുവട്ടൂര് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നിരുന്നു. 2019 ഒക്ടോബർ ഒന്നിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ
ആവിഷ്കരിച്ച ഗ്രീൻ പാർട്ണർ ഇനീഷ്യേറ്റീവ് എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ബഹു.ജില്ലാ കലക്ടർ സാംബശിവറാവു പുഴയോരത്ത് മുള തൈ നട്ടു കൊണ്ട് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊതു ജനപങ്കാളിത്തത്തോടെ പുഴയുടെ ആഴം കൂട്ടി പുഴയിൽ അടിഞ്ഞുകൂടിയ മണ്ണും മരങ്ങളും മാലിന്യവും നീക്കം ചെയ്യുന്ന പ്രവർത്തി 2020 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വിവിധ റസിഡൻസ് അസോസിയേഷനുകൾ, സന്നദ്ധസംഘടനകൾ എന്നിവരുടെ പങ്കാളികളിത്തത്തോടെ നടന്നു. തൊഴിലുറപ്പ് പദ്ധതിയിൽ
പുഴയോരത്ത് കയർഭൂവസ്ത്രം വിരിക്കുകയും 1200-ഓളം മുളത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.
അതോടൊപ്പം 2020 നവംബർ 4 ന് ഹരിത കേരളം മിഷൻ വിഭാവനം ചെയ്ത പച്ചത്തുരുത്ത് പദ്ധതി നടപ്പിലാക്കുകയും ചെയ്തു. മുൻ ഭരണ സമിതിയുടെ ഓർമ്മയ്ക്കായ് സ്ഥാപിച്ച ഓർമ്മത്തുരുത്തിനോട് ചേർന്നാണ് പുതിയ പദ്ധതിയുടെ ഭാഗമായി മുള തൈ നടുന്ന പ്രവർത്തനമാരംഭിച്ചത്. ഏകദേശം 500 മീറ്ററോളം ദൂരത്തിൽ രണ്ട് ഭാഗങ്ങളിലായി ആണ് പദ്ധതി നടപ്പിലാക്കുന്നത്. ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ ഉണ്ടാകുന്ന മഴയുടെ ഫലമായി പുഴയിൽ വെള്ളം ഉയർന്ന് മുള തൈ നശിക്കാൻ സാധ്യതയുള്ളതിനാൽ
ആഗസ്റ്റ് മാസത്തിൽ വിപുലമായ രീതിയിൽ മുള തൈ വച്ചുപിടിപ്പിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.
പുഴ സംരക്ഷണത്തിന് ഭാഗമായി നിരവധി പ്രവർത്തനങ്ങൾ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നു വരികയാണ്. പുഴ സംരക്ഷണ സമിതിയുടെയും റസിഡൻസ് അസോസിയേഷന്റെയും പൂർണ്ണ പിന്തുണയും ഉണ്ട്. പുഴ സംരക്ഷിക്കുന്നതോടൊപ്പം ബോട്ടിംഗ് അടക്കമുള്ള ടൂറിസം പദ്ധതികൾ യാഥാർത്ഥ്യമാക്കുക എന്നതാണ് ലക്ഷ്യം.
വിവിധ വകുപ്പുകളെ കൂട്ടിയോജിപ്പിച്ചു കൊണ്ട് ഘട്ടം ഘട്ടമായി വിവിധ പദ്ധതികൾ ആവിഷ്കരിക്കുകയാണ് കുരുവട്ടൂര് ഗ്രാമപഞ്ചായത്ത്.