പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതിന്റെ നയം വ്യക്തമാക്കി കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കല്‍ അവയെ തകര്‍ക്കാന്‍ അല്ലെന്നും മറിച്ച് ശക്തിപ്പെടുത്താനാണെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. പ്രൊഫഷണല്‍ മാനേജ്‌മെന്റ് നയിക്കുന്ന കാര്യക്ഷമതയുള്ള സ്ഥാപനങ്ങളായി ഇവയെ മാറ്റിയെടുക്കാനാണ് ഓഹരി വിറ്റഴിക്കല്‍ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് അവര്‍ പറഞ്ഞു. 1994 നും 2004 നും ഇടയില്‍ ഇത്തരത്തില്‍ ഓഹരി വിറ്റഴിച്ച് പൊതുമേഖലാസ്ഥാപനങ്ങളുടെ നില മെച്ചപ്പെട്ടിട്ടുണ്ട് എന്നും അവര്‍ ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ഈ സ്ഥാപനങ്ങളുടെ നിലനില്‍പ്പ് ആവശ്യമാണെന്നും മാത്രമല്ല കൂടുതല്‍ സ്ഥാപനങ്ങള്‍ ഉണ്ടായാലേ മതിയാകൂവെന്നും അവര്‍ വ്യക്തമാക്കി. ഓരോ പൊതുമേഖലാ സ്ഥാപനവും എത്തിച്ചേരുന്നത് അത് നയിക്കാനും ശേഷിയുള്ള വ്യക്തികളുടെ പക്കലേക്ക് ആണെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കുന്നുണ്ട്. ഈ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാക്കാനും കൂടുതല്‍ നിക്ഷേപം സമാഹരിക്കാനും ഓഹരി വിറ്റഴിക്കുന്നതിലൂടെ സാധിക്കുമെന്നും മന്ത്രി വിശദീകരിച്ചു.