ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുമായി നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ (ഓപ്പറേഷന്‍) സഞ്ജയ് സിംഗ്. . കേസന്വേഷണത്തിനിടെ ആര്യൻ തന്നോട് മനസ്സ് തുറന്നെന്നും എന്തിനാണ് തന്നെ ജയിലിൽ ആടച്ചതെന്ന് ചോദിച്ചെന്നും സഞ്ജയ് സിങ് വ്യക്തമാക്കുന്നു. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.
“സർ, നിങ്ങളെന്നെ രാജ്യാന്തര മയക്കുമരുന്ന് മാഫിയ ആക്കിയില്ലേ? ഞാൻ മയക്കുമരുന്ന് കടത്തിന് പണം ഇറക്കുന്നുണ്ടെന്ന് നിങ്ങൾ പറഞ്ഞു. ഈ കേസുകളൊക്കെ അസംബന്ധമാണ്. എന്നിൽ നിന്ന് മയക്കുമരുന്നൊന്നും കണ്ടെത്തിയില്ല. എന്നെ അറസ്റ്റും ചെയ്തില്ല. നിങ്ങൾ എന്നോട് ചെയ്തത് വലിയ തെറ്റാണ്. അതെൻ്റെ സല്പേരിനെ ബാധിച്ചു. ഞാനെന്തിനാണ് ആഴ്ചകളോളം ജയിലിൽ കിടന്നത്. ശരിക്കും ഞാനത് അർഹിച്ചിരുന്നോ?”- ആര്യൻ ഖാൻ ചോദിച്ചതായി സഞ്ജയ് സിംഗ് പറഞ്ഞു.
ആര്യൻ്റെ പിതാവ് ഷാരുഖ് ഖാൻ തന്നെ കണാൻ ആഗ്രഹിക്കുന്നുവെന്ന് അന്വേഷണത്തിൽ സഞ്ജയ് സിംഗ് മനസ്സിലാക്കി. മറ്റ് പ്രതികളുടെ മാതാപിതാക്കളെ സഞ്ജയ് കണ്ടിരുന്നതിനാൽ ഷാരൂഖിനേയും കാണാമെന്ന് സമ്മതിച്ചു. ഷാരൂഖും സഞ്ജയും കണ്ടുമുട്ടിയപ്പോൾ മകൻ്റെ മാനസികവും വൈകാരികവുമായ അവസ്ഥയേക്കുറിച്ച് ഷാരൂഖ് ആശങ്കപ്പെട്ടു. ആര്യൻ നന്നായി ഉറങ്ങുന്നില്ലെന്ന് സഞ്ജയ് ഷാരൂഖിനെ അറിയിച്ചു. തെളിവുകളൊന്നും ലഭിച്ചില്ലെങ്കിലും തന്നെ അധിക്ഷേപിക്കാനാണ് മകനെ കുടുക്കിയതെന്ന് ഷാരൂഖ് പറഞ്ഞു. കണ്ണീരോടെയാണ് ഷാരൂഖ് സംസാരിച്ചതെന്നും സഞ്ജയ് കൂട്ടിച്ചേർത്തു.
ആര്യൻ ഖാനുമായി ബന്ധപ്പെട്ട കേസിൽ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ മുംബൈ സോണൽ മുൻ ഡയറക്ടർ സമീർ വാങ്കഡെയ്ക്ക് സ്ഥലംമാറ്റം കൊടുത്തിരുന്നു. മയക്കുമരുന്ന് പരിശോധനയിൽ വീഴ്ച വരുത്തിയെന്ന് കാരണം കാട്ടിയാണ് സ്ഥലം മാറ്റിയത്. വാങ്കഡെയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് കേന്ദ്രസർക്കാർ ശുപാർശ ചെയ്തിരുന്നു. ചെന്നൈയിലേക്കാണ് സ്ഥലം മാറ്റിയത്.