കടുത്ത ജനകീയ പ്രതിഷേധത്തില്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവെച്ചിട്ടും കലാപമണയാതെ ശ്രീലങ്ക. വിവിധ അക്രമങ്ങളിലായി എട്ടു പേര്‍ മരിക്കുകയും ഇരുനൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ലങ്കയില്‍ സൈന്യത്തിനും പൊലീസിനും അടിയന്തര അധികാരം നല്‍കി സര്‍ക്കാര്‍ ഉത്തരവിട്ടു.
അതേസമയം, ശ്രീലങ്കയിലേക്ക് ഇന്ത്യ സൈന്യത്തെ അയയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ തള്ളി. ശ്രീലങ്കയിലെ ജനാധിപത്യ സംവിധാനത്തിനും സുസ്ഥിരതയ്ക്കും സാമ്പത്തിക മേഖലയുടെ തിരിച്ചുവരവിനും ഇന്ത്യ സമ്പൂര്‍ണ പിന്തുണ നല്‍കുമെന്ന് വ്യക്തമാക്കിയതിനു പിന്നാലെയാണ് സൈന്യത്തെ അയയ്ക്കില്ലെന്ന വിശദീകരണം.
ഇന്ത്യ ശ്രീലങ്കയിലേക്ക് സൈന്യത്തെ അയയ്ക്കുന്നു എന്ന തരത്തില്‍ ഒരു വിഭാഗം മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ഇത്തരം പ്രചാരണങ്ങളും കാഴ്ചപ്പാടുകളും ഇക്കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാടുമായി യോജിക്കുന്നതല്ലെന്ന് കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.
”ശ്രീലങ്കയിലെ ജനാധിപത്യ സംവിധാനത്തിനും സുസ്ഥിരതയ്ക്കും സാമ്പത്തിക മേഖലയുടെ തിരിച്ചുവരവിനും ഇന്ത്യയുടെ സമ്പൂര്‍ണ പിന്തുണയുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്’ – മറ്റൊരു ട്വീറ്റില്‍ ഹൈക്കമ്മീഷന്‍ ചൂണ്ടിക്കാട്ടി.