കോവിഡ് പ്രതിരോധത്തിന് ഗോമൂത്രവും ചാണകവും ഉപയോഗിക്കുന്നത് നല്ലതാണെന്ന അവകാശവാദങ്ങൾ തള്ളി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). കോവിഡ് ചികിത്സയ്ക്ക് ചാണകം മരുന്നല്ലെന്നും അത് ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാമെന്നും ഡോക്ടർമാർ പറഞ്ഞു . ചാണകം കോവിഡ് മരുന്നായി ഉപയോഗിക്കാമെന്നതിൽ ശാസ്ത്രീയ അടിത്തറയില്ലെന്നും മറ്റു രോഗങ്ങൾ ഉണ്ടകാൻ ഇത് ഇടയാക്കിയേക്കുമെന്നുമാണ് ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പ്.വ്യക്തമായ ശാസ്ത്രീയ തെളിവുകൾ ഇക്കാര്യങ്ങളിൽ ഇതുവരെ പുറത്തുവന്നിട്ടില്ലെന്ന് ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ. ജെ. ജയലാൽ പറഞ്ഞു.

ഇവ ഉപയോഗിക്കുന്നതും കഴിക്കുന്നതും ആരോഗ്യപരമായ അപകടസാധ്യതകളും ഉണ്ടാക്കും. മൃഗങ്ങളിൽനിന്നും മറ്റു പല രോഗങ്ങളും മനുഷ്യരിലേക്ക് പടരാൻ ഇടയാക്കിയേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
ഇത്തരം പ്രതിരോധം തേടി ഡോക്ടർമാർ പോലും ഇവിടെയെത്തുന്നു. ഈ തെറാപ്പി അവരുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നുവെന്നാണ് വിശ്വാസം’– ഒരു ഫാർമസ്യൂട്ടിക്കൽസ് കമ്പനിയിലെ അസോസിയേറ്റ് മാനേജർ ഗൗതം മനിലാൽ ബോറിസ പറയുന്നു. ഇങ്ങനെ ചെയ്തതിനാൽ കോവിഡ് ഒന്നാം തരംഗത്തിൽ നിന്നും താൻ രക്ഷപ്പെട്ടെന്നും ഇയാൾ പറയുന്നു.

ഗോമൂത്രം കുടിച്ചാൽ കോവിഡിനെ പ്രതിരോധിക്കാമെന്ന് യുപിയിലെ ബിജെപി എംഎൽഎ അവകാശപ്പെട്ടിരുന്നു. ഇദ്ദേഹം ഗോമൂത്രം കുടിക്കുന്ന വീഡിയോയും പുറത്തുവിട്ടിരുന്നു.
ഗുജറാത്തിൽ ചില ആളുകൾ പശു അഭയകേന്ദ്രങ്ങളിൽ എത്തി ചാണകവും ഗോമൂത്രവും ദേഹത്ത് തേച്ച് പിടിപ്പിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ചാണകവും ഗോമൂത്രവും കോവിഡ് വൈറസിനെതിരായ പ്രതിരോധ ശേഷി വർധിപ്പിക്കുമെന്നാണ് ഇവിടങ്ങളിലുള്ളവർ വിശ്വസിച്ചിരിക്കുന്നത്.

