തമിഴ്‌നാട് വിജിലന്‍സ് അഴിമതി വിരുദ്ധ വിഭാഗം മേധാവിയായി പ്രശസ്ത ഐപിഎസ് ഉദ്യോഗസ്ഥന്‍ പി.കന്തസ്വാമിയെ നിയമിച്ചു. ഡിജിപി റാങ്കോടു കൂടിയാണ് മുഖ്യന്ത്രി എം.കെ.സ്റ്റാലിന്‍ കന്തസ്വാമിയെ നിയമിച്ചിരിക്കുന്നത്.
സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത ഐ.പി.എസ് ഉദ്യോഗസ്ഥന്‍ പി. കന്തസ്വാമിയെയാണ് സ്റ്റാലിന്‍ പുതിയ ഡി.ജി.പിയായി നിയമിച്ചിരിക്കുന്നത്. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ വകുപ്പ് മേധാവിയായാണ് കന്തസ്വാമിയെ നിയമിച്ചിരിക്കുന്നത്.2005ല്‍ സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖിനെയും ഭാര്യ കൗസര്‍ബിയെയും പൊലീസ് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഒരു വര്‍ഷത്തിനുള്ളില്‍ ഇവരുടെ സഹായിയായിരുന്ന തുളസീറാം എന്നയാളും കൊല്ലപ്പെട്ടു. സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ സര്‍ക്കാരിലെ ചില മന്ത്രിമാരെ ലക്ഷ്യമിട്ടാണ് കന്തസ്വാമിയുടെ നിയമനമെന്നാണ് സൂചന. അധികാരം ലഭിച്ചാല്‍ എഐഡിഎംകെ ഭരണത്തിലെ അഴിമതിക്കാരായ മന്ത്രിമാരെ വെറുതെ വിടില്ലെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സ്റ്റാലിന്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
തമിഴ്‌നാട് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥാനായ കന്തസ്വാമി സിബിഐയില്‍ ഐജി ആയിരുന്നപ്പോഴാണ് തന്റെ ഡെപ്യൂട്ടി ആയിരുന്ന ഡിഐജി അമിതാഭ് ഠാക്കൂറുമൊത്ത് അമിത് ഷായെ അറസ്റ്റ് ചെയ്തത്. കേസില്‍ അമിത് ഷായെ കോടതി പിന്നീട് കുറ്റമുക്തനാക്കി.
2007-ല്‍ ഗോവയില്‍ വെച്ച് ഒരു ബ്രിട്ടീഷ് കൗമാരക്കാരിയെ ബലാത്സംഗം ചെയ്തുകൊന്ന കേസ് അന്വേഷിച്ച കന്തസ്വമി മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള എസ്.എന്‍.സി.ലാവ്‌ലിന്‍ കേസും അന്വേഷിച്ചിരുന്നു.