സംസ്ഥാനമൊട്ടാകെ പ്രവര്‍ത്തിക്കുന്ന പാഴ് വസ്തു ശേഖരണ വ്യാപാര സ്ഥാപനങ്ങളെയും ജനങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പാഴ് വസ്തു ശേഖരണത്തിനായി ആക്രി കട ആപ്പ് പുറത്തിറക്കി സ്‌ക്രാപ്പ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (കെ.എസ്.എം.എ).
സാമൂഹിക പ്രാധാന്യമുള്ള സേവന മേഖലയായതിനാല്‍ പൊതു ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാവുന്ന പുത്തന്‍ ആശയമായാണ് ആക്രി കട ആപ്പ് അവതരിപ്പിച്ചത്. സംഘടനയില്‍ അംഗത്വമുള്ള മെമ്പര്‍മാര്‍ക്ക് ഈ ആപ്പിന്റെ സേവനം ഉപയോഗിക്കാം. പൊതു ജനങ്ങള്‍ക്ക് ഈ ആപ്പിലൂടെ തങ്ങളുടെ വീടുകളില്‍ കെട്ടി കിടക്കുന്ന ഉപയോഗ ശൂന്യമായ വസ്തുക്കളുടെ ചിത്രങ്ങള്‍ പകര്‍ത്തി ഈ സംവിധാനത്തിലേക്ക് അപ്ലോഡ് ചെയ്യാം.
ഇങ്ങനെ അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ തൊട്ടടുത്ത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്എംഎ അംഗങ്ങളായ പാഴ് വസ്തു വ്യാപാരികള്‍ക്ക് അലേര്‍ട്ട് ആയി വരുകയും, അത് വഴി ചിത്രങ്ങള്‍ അപ്ലോഡ് ചെയ്ത വ്യക്തിയുമായി നേരിട്ട് ബന്ധപ്പെട്ട് ആ മാലിന്യങ്ങള്‍ ശേഖരിക്കുകയും ചെയ്യും.
കേരളത്തിലെ പാഴ് വസ്തുവ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകളുടെ സംഘടനയാണ് കേരള സ്‌ക്രാപ്പ് മെര്‍ച്ചന്റ്‌സ് അസ്സോസിയേഷന്‍ (കെ.എസ്.എം.എ). 2017 ലാണ് ഇത് രൂപം കൊണ്ടത്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 95 ശതമാനം വ്യാപാരികളും സംഘടനയിലെ പ്രാതിനിധികളാണ്.