നാമക്കൽ(തമിഴ്നാട്): സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന നൃത്ത പരിശീലനത്തിനിടെ ഒമ്പത് വയസ്സുകാരി തളർന്നുവീണ് മരിച്ചു. തമിഴ്നാട്ടിലെ നാമക്കൽ ജില്ലയിൽ തിരുച്ചെങ്കോട് കൗണ്ടംപാളയം സ്വദേശി എം. രക്ഷമിതയാണ് ചികിത്സയിലിരിക്കെ മരിച്ചത്. കുമാരമംഗലം പഞ്ചായത്ത് യൂണിയൻ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു രക്ഷമിത.
കഴിഞ്ഞ ഞായറാഴ്ച സ്കൂളിന് സമീപമുള്ള കല്യാണ മണ്ഡപത്തിൽ വെച്ചായിരുന്നു നൃത്ത റിഹേഴ്സൽ നടന്നത്. പരിശീലനത്തിനിടെ പെട്ടെന്ന് തളർന്നുവീണ രക്ഷമിതയെ അധ്യാപകർ ഉടൻതന്നെ തിരുച്ചെങ്കോട് ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ആരോഗ്യനില വഷളായതിനെത്തുടർന്ന് നാമക്കൽ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച മരണം സംഭവിക്കുകയായിരുന്നു. പരിശീലനം നടന്ന സ്ഥലത്തുണ്ടായിരുന്ന ഏതെങ്കിലും വിഷകീടം കുട്ടിയെ കടിച്ചതാകാം മരണകാരണമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. സംഭവത്തിൽ ഇളച്ചിപാളയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

