കോഴിക്കോട്: കോവിഡ് 19 മൂലം പ്രയാസം നേരിടുന്നവർക്ക് ആശ്വാസം നൽകുന്ന പീപ്പിൾസ് ഫൗണ്ടേഷന്റെ “തണലൊരുക്കാം ആശ്വാസമേകാം” പദ്ധതിയുടെ ഭാഗമായി വഴിയോര കച്ചവടക്കാർക്ക് തൊഴിൽ പരിശീലനവും ധനസഹായവും നൽകി. കോഴിക്കോട് ബീച്ച്, ബേപ്പൂർ, ഫറോക്ക് മേഖലയിലെ വഴിയോര കച്ചവടക്കാർക്കാണ് പദ്ധതിയിലൂടെ തൊഴിൽ പരിശീലനവും, ധനസഹായവും നൽകിയത്. കോഴിക്കോട് വിദ്യാർത്ഥി ഭവനം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന് ഉദ്ഘാടനം ചെയ്തു. അധ്വാനവും കച്ചവടവും മഹത്തരമാണ്, വിശ്വസ്തതയും സത്യസന്ധതയും പുലർത്തുമ്പോഴാണ് അത് കൂടുതൽ മഹത്തരമാവുക. തീരുമാനവും ഇച്ഛാശക്തിയും അധ്വാനവും ഉണ്ടായാൽ ജീവിതത്തിൽ നമുക്ക് വിജയത്തിലേക് എത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ വിവിധ മേഖലയിൽ ഉള്ളവരെ ഉയർച്ചയിലേക്ക് എത്തിക്കാൻ പ്രചോദനമാവുകയാണ് പീപ്പിൾസ് ഫൗണ്ടേഷനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് സിറ്റി പ്രസിഡന്റ് ഫൈസൽ പൈങ്ങോട്ടായി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ സെക്രട്ടറി എം.അബ്ദുൽ മജീദ് പരിശീലന ക്ലാസ്സ് നയിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ കോഴിക്കോട് സിറ്റി കോഡിനേറ്റർ റസാഖ് മാത്തോട്ടം, വഴിയോര കച്ചവട ക്ഷേമ സമിതി എഫ്.ഐ. ടി.യു ജില്ലാ പ്രസിഡന്റ് എം.എ ഖയ്യൂം എന്നിവർ ആശംസകൾ അർപ്പിച് സംസാരിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്‌ടർ ഹമീദ് സാലിം സ്വാഗതവും, പ്രൊജക്റ്റ് കോഡിനേറ്റർ സുഹൈർ നന്ദിയും പറഞ്ഞു.