മുക്കം; കാരശ്ശേരി ആനയാംകുന്ന് ഹയര്‍സെക്കന്ററി സ്‌കൂളിലെ 5 വിദ്യാര്‍ത്ഥികള്‍ക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്നലെ മെഡിക്കല്‍ കോളേജില്‍ ഒരു കുട്ടി പനി മൂലം മരിക്കുകയും നാല് കുട്ടികള്‍ ചികിത്സ തേടുകയും ചെയ്തതോടെ സാഹചര്യം നേരിടാന്‍ സന്നാഹമൊരുക്കി അധികൃതര്‍. മാതൃ ശിശു കേന്ദ്രത്തില്‍ ഇന്നലെ രാവിലെ തന്നെ പ്രത്യേക ഐസലേഷന്‍ വാര്‍ഡ് ക്രമീകരിച്ച് ചികിത്സയിലുള്ള കുട്ടികളെ അങ്ങോട്ട് മാറ്റി. പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ ഐഎംസിഎച്ചില്‍ സൂപ്രണ്ട്മാരുടേയും വകുപ്പ് മേധാവികളുടേയും അടിയന്തിര യോഗം വിളിച്ച് നിലവിലെ സാഹചര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു. കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍, ഡിപിഎം, ഡിഎംഒ, ആശുപത്രി സൂപ്രണ്ടുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.
മെഡിക്കല്‍ കോളേജില്‍ പ്രത്യേക വാര്‍ഡ് സജ്ജീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. മൈക്രോബയോളജി ലാബില്‍ നിന്ന് അടിയന്തര ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ ലഭിക്കാന്‍ വേണ്ട നിര്‍ദേശങ്ങളും നല്‍കി. സംശയാസ്പദമായ സാഹചര്യത്തില്‍ മാതൃശിശു കേന്ദ്രത്തില്‍ എത്തുന്ന രോഗികള്‍ക്ക് ഐസൊലേഷന്‍ മാതൃകയില്‍ സ്ഥിരം വാര്‍ഡിനെക്കുറിച്ച് ആലോചിക്കും. ആവശ്യത്തിന് മരുന്നുകവള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്താനും യോഗത്തില്‍ തീരുമാനമായി.