തദ്ദേശ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ ലഭിച്ചത് 10,097 പരാതികള്‍. വ്യക്തിഹത്യ, ഉദ്യോഗസ്ഥര്‍ക്കെതിരായ നീക്കം എന്നിവയുമായി ബന്ധപ്പെട്ട 17 കേസുകളാണ് ലഭിച്ചത്. ഇതില്‍ ഏഴെണ്ണത്തില്‍ ജില്ലാ കലക്ടറിന്റെ നേതൃത്വത്തിലുള്ള ജില്ലാതല മോണിറ്ററിംഗ് സമിതി നടപടി സ്വീകരിച്ചു. പത്തെണ്ണം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി.
ചട്ടം ലംഘിച്ച് സ്ഥാപിച്ച ബോര്‍ഡ്, കൊടി, തോരണം, പോസ്റ്റര്‍, ബാനര്‍ എന്നിവ ആന്റി ഡിഫെസ്‌മെന്റ് സ്‌ക്വാഡ് നീക്കം ചെയ്യുന്നുണ്ട്. പെരുമാറ്റ ചട്ടലംഘനങ്ങള്‍ കണ്ടെത്താന്‍ അഞ്ച് ആന്റി ഡിഫെസ്‌മെന്റ് സ്‌ക്വാഡുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലാതലത്തില്‍ ഒരു സ്‌ക്വാഡും നാലു താലൂക്കുകളില്‍ ഓരോ സ്‌ക്വാഡുമാണ്. ചാര്‍ജ് ഓഫീസര്‍, സ്റ്റാഫ്, പോലീസ് എന്നിവര്‍ അടങ്ങിയതാണ് സ്‌ക്വാഡ്. ഓരോ പ്രദേശങ്ങളില്‍ നേരിട്ട് പരിശോധന നടത്തിയും തെരഞ്ഞെടുപ്പ് കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതികള്‍ പരിഹരിച്ചുമാണ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം.
പ്രത്യേക ബാലറ്റ്: ഇതുവരെ ലഭിച്ചത് 10108 പേരുടെ പട്ടിക
ജില്ലയിലെ കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും വോട്ടു ചെയ്യാന്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായുള്ള പ്രത്യേക ബാലറ്റ് വിതരണത്തിന് ഇതുവരേ ലഭിച്ചത് 10108 പേരുടെ പട്ടിക. കോവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടവകാശം നഷ്ടപ്പെടാതിരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്.
സ്‌പെഷ്യല്‍ പോളിങ്ങ് ഓഫീസര്‍, സ്‌പെഷ്യല്‍ പോളിങ്ങ് അസിസ്റ്റന്റ്, ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എന്നിവരടങ്ങിയ ടീം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പിപിഇ കിറ്റ് ധരിച്ച് വീടുകളിലെത്തിയാണ് പ്രത്യേക ബാലറ്റ് വിതരണം നടത്തുന്നത്. ഇവര്‍ക്ക് പ്രത്യേകം വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഡെസിഗ്‌നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപ്പെടുത്തിയ പട്ടിക പ്രകാരം സ്‌പെഷ്യല്‍ ബാലറ്റ് പേപ്പര്‍ വിവിധ വരണാധികാരികള്‍ക്ക് അയച്ചു കൊടുക്കുകയും ആ പട്ടിക പ്രകാരം ബാലറ്റ് പേപ്പറുകള്‍ തയ്യാറാക്കി സ്‌പെഷ്യല്‍ പോളിങ് ഓഫീസര്‍മാര്‍ക്ക് നല്‍കുകയുമാണ് ചെയ്യുന്നത്. ദുരന്ത നിവാരണ സെല്ലില്‍ നിന്നും വരണാധികാരികള്‍ക്ക് അയച്ചുകൊടുക്കുന്ന സാക്ഷ്യപ്പെടുത്തിയ പട്ടിക പ്രകാരമുള്ള ബാലറ്റ് വിതരണവും പുരോഗമിക്കുകയാണ്.ഡിസംബര്‍ 13ന് വൈകുന്നേരം മൂന്ന് മണി വരെയാണ് പ്രത്യേക ബാലറ്റ് വിതരണം ചെയ്യുക.
ഇ.വി.എം സജ്ജമാക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു
ജില്ലയില്‍ 3,274 വോട്ടിംഗ് മെഷീനുകള്‍ സജ്ജം
തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഉപയോഗിക്കുന്ന ഇ.വി.എം സജ്ജമാക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. പ്രവര്‍ത്തനക്ഷമതയും മറ്റു കാര്യങ്ങളും പൂര്‍ണ്ണമായും ഉറപ്പുവരുത്തിയ ശേഷമാണ് യന്ത്രങ്ങള്‍ പോളിംഗ് സ്റ്റേഷനുകളില്‍ എത്തിക്കുന്നത്. കോഴിക്കോട് കോര്‍പ്പറേഷന്‍ 51 മുതല്‍ 75 വരെ വാര്‍ഡുകളിലെ 146 പോളിങ് സ്റ്റേഷനുകളിലെക്കുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ബാലറ്റ് ലേബല്‍ ചേര്‍ത്ത് വോട്ടിങ്ങിന് സജ്ജമാക്കുന്ന പ്രവൃത്തി നടക്കാവ് ഗവ.വൊക്കേഷണല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചു.നടപടി ക്രമങ്ങള്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു വിലയിരുത്തി. വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ഇ.വി.എം സജ്ജമാക്കുന്ന പ്രവൃത്തി റിട്ടേണിങ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.
3,274 വോട്ടിംഗ് മെഷീനുകളാണ് ജില്ലയില്‍ സജ്ജമാക്കിയിട്ടുള്ളത്. കോര്‍പ്പറേഷന്‍ പരിധിയില്‍ 398 വോട്ടിംഗ് മെഷീനുകള്‍, കൊയിലാണ്ടി നഗരസഭ 51, വടകര 54, പയ്യോളി 37, രാമനാട്ടുകര 31, കൊടുവള്ളി 36, മുക്കം 33, ഫറോക്ക് 38 വീതവും വടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ 160, തൂണേരി 244, കുന്നുമ്മല്‍ 220, തോടന്നൂര്‍ 171, മേലടി 96, പേരാമ്പ്ര 226, ബാലുശ്ശേരി 280, പന്തലായനി 179, ചേളന്നൂര്‍ 224, കൊടുവള്ളി 337, കുന്നമംഗലം 352, കോഴിക്കോട് 107 വീതവും മെഷീനുകളുമാണ് വിതരണം ചെയ്യുക. ജില്ലയില്‍ ആകെ 2,987 പോളിംഗ് ബൂത്തുകളാണുള്ളത്.