
ഝാര്‍ഖണ്ഡിൽ 35കാരി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി മുതിര്‍ന്ന ആര്.ജെ.ഡി നേതാവ് ശിവാനന്ദ് തിവാരി. ഐറ്റം ഡാന്‍സും ഫോണുകളിലെ അശ്ലീല വീഡിയോകളുമെല്ലാം ഒരാളെ കുറ്റകൃത്യത്തിലേക്ക് നയിക്കുന്നുവെന്നും കര്‍ശനമായ നിയമങ്ങള്‍ കൊണ്ട് ബലാത്സംഗം തടയാനാവില്ലെന്നും തിവാരി പറഞ്ഞു.
ഒരു ആദിവാസി പ്രദേശത്ത് ഇത്തരത്തില്‍ ഒരു പീഡനം നടക്കുമെന്ന് സങ്കല്പിക്കാന് പോലും സാധിക്കില്ല. ഐറ്റം ഡാന്‍സുകളും പരസ്യങ്ങളും അശ്ലീല വീഡിയോകളുമെല്ലാം ഒരാളെ മാനഭംഗം എന്ന മാനസികാവസ്ഥയിലേക്ക് നയിക്കുന്നു. ബലാത്സംഗത്തിന് പ്രേരിപ്പിക്കുന്ന ഒരു സാഹചര്യം നിലനിൽക്കുന്നിടത്തോളം കാലം നിങ്ങൾക്ക് അത് തടയാൻ കഴിയില്ല. ..തിവാരി പറഞ്ഞു.മുഫാസില്‍ പൊലീസ് സ്റ്റേഷന് കീഴിലുള്ള പ്രദേശത്തെ ചൊവ്വാഴ്ച രാത്രിയാണ് പീഡനം നടന്നത്. രാത്രി എട്ട് മണിയോടെ ഭര്‍ത്താവിനൊപ്പം മാര്‍ക്കറ്റില്‍ നിന്നും മടങ്ങുകയായിരുന്ന യുവതിയെ 17 പേര് തടഞ്ഞുനിര്‍ത്തി കൂട്ടമാനഭംഗത്തിന് ഇരയാക്കുകയായിരുന്നു. 35 കാരിയായ യുവതി അഞ്ച് കുട്ടികളുടെ മാതാവ് കൂടിയാണ്. അക്രമികള്‍ മദ്യപിച്ചിരുന്നതായി യുവതി പറഞ്ഞു. ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷമായിരുന്നു പീഡനം. സംഭവത്തില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. ഒരാളെ പിടികൂടിയിട്ടുണ്ട്. 16 പേര്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും ഡി.ഐ.ജി സുദർശൻ മണ്ഡൽ പറഞ്ഞു.

