ചിക്കുൻഗുനിയക്കുള്ള ലോകത്തെ ആദ്യവാക്സിന് യു.എസ്.ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം. വാൽനേവ കമ്പനി വികസിപ്പിച്ചെടുത്ത വാക്സിൻ ‘ഇക്സ്ചിക്’ എന്നപേരിൽ വിപണിയിലെത്തും. 18 വയസ്സിനു മുകളിലുള്ള ആളുകൾക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ ലഭ്യമാക്കുക.
ആഗോളതലത്തിൽതന്നെ ആരോഗ്യഭീഷണിയായി തുടരുന്ന ചിക്കുൻഗുനിയ കഴിഞ്ഞ പതിനഞ്ചു വർഷത്തിനിടെ അഞ്ചുദശലക്ഷത്തോളം പേരെയാണ് ബാധിച്ചത്. പേശിയിലേക്ക് ഇൻഞ്ചക്ഷൻ രൂപത്തിൽ നൽകുന്ന സിംഗിൾ ഡോസ് മരുന്നാണിത്. നോർത്ത് അമേരിക്കയിൽ രണ്ടുഘട്ടങ്ങളായി നടത്തിയ ക്ലിനിക്കൽ ട്രയലിനൊടുവിലാണ് പ്രസ്തുത വാക്സിന്റെ സുരക്ഷിതത്വം വ്യക്തമായത്. പതിനെട്ടുവയസ്സും അതിനുമുകളിലും പ്രായമുള്ള 3,500 പേരിലാണ് ട്രയൽ നടത്തിയത്.
ചിക്കുൻഗുനിയ
സാധാരണ ഗുരുതരമായ ശാരീരികപ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാത്ത ചിക്കുൻഗുനിയ, അപൂർവമായി നവജാത ശിശുക്കളിലും ശരീരത്തിന്റെ പ്രതിരോധശേഷി കുറഞ്ഞവരിലും മെനിഞ്ചൈറ്റിസ്, എൻസിഫലൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാക്കാം.
ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് രോഗം പരത്തുന്നത്. വീടിന്റെ പരിസരങ്ങളിൽ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് പാത്രങ്ങളിലും ചിരട്ടകളിലും മറ്റും ശേഷിക്കപ്പെടുന്ന ജലത്തിലാണ് ഈഡിസ് കൊതുകുകൾ പ്രജനനം നടത്തുന്നത്. പകൽസമയങ്ങളിലാണ് ഇവ മനുഷ്യനെ കടിക്കുന്നത്. മനുഷ്യരക്തം കുടിക്കുന്ന പെൺകൊതുകുകൾ രോഗവ്യാപനം നടത്തുന്നു.
ഒരിക്കൽ രോഗബാധിതരായവരിൽ, ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി വർധിക്കുന്നതുകൊണ്ട് വീണ്ടും രോഗമുണ്ടാവാനുള്ള സാധ്യത കുറവാണ്. ചിക്കുൻഗുനിയ ഒരു വൈറസ് രോഗമായതുകൊണ്ട് ചികിത്സയ്ക്കായി ആന്റിബയോട്ടിക്കുകൾ ഫലപ്രദമല്ല. ആവശ്യത്തിന് വിശ്രമം, പനി കുറയുവാനായി പാരസിറ്റമോൾ പോലെയുള്ള ലഘുവേദന സംഹാരികൾ തുടങ്ങിയവ മാത്രം മതിയാകും ചികിത്സയ്ക്ക്. പനിയെ തുടർന്ന് വിട്ടുമാറാത്ത സന്ധിവേദനകളുടെ ചികിത്സയ്ക്കായി ഫിസിയോതെറാപ്പിയും സന്ധിവാതരോഗങ്ങളുടെ ശമനത്തിനുപയോഗിക്കുന്ന ക്ലോറോഫിൻ മരുന്നുകളും ഉപകരിക്കും

