ജനജീവിതം ദുസ്സഹമാക്കി ദേശീയപാതയിലെ പൈപ്പ്‌ലൈന്‍ പദ്ധതി. ദേശീയപാത 212 ല്‍ കുന്ദമംഗലം മുതല്‍ താമരശ്ശേരി വരെയുള്ള ഭാഗത്താണ് അദാനി ഇന്ത്യന്‍ ഓയില്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ പൈപ്പ്‌ലൈന്‍ കടന്നു പോവുന്നത്. നിശ്ചിത ദൂരം ഇടവിട്ട് ദേശീയപാതയുടെ പകുതിയോളം വീതിയില്‍ പ്രവൃത്തിക്കായി സൃഷ്ടിച്ച കുഴികള്‍ വാഹനയാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും വലിയതോതിലുള്ള ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ദീര്‍ഘ ദൂരത്തില്‍ റോഡരികിലായി പൈപ്പുകള്‍ തമ്മില്‍ യോജിപ്പിച്ചു വെച്ചതിനാല്‍ റോഡരികിലെ വീടുകളിലേക്കും കച്ചവടസ്ഥാപനങ്ങളിലേക്കുമൊക്കെയുള്ള വഴി തടസ്സപ്പെടുകയും ചെയ്യുന്നുണ്ട്. കോവിഡ് കാലത്ത് കച്ചവടസ്ഥാപനങ്ങളെല്ലാം തന്നെ കഷ്ടതയനുഭവിക്കുന്ന സാഹചര്യത്തിലാണ് ഇതെന്നതും ഇരട്ടിപ്രഹരമാണ് ഏല്‍പ്പിക്കുന്നത്.
കോവിഡ് കാലമായതിനാല്‍ ആളുകള്‍ പൊതുവാഹനങ്ങളില്‍ നിന്നും കൂടുതലായി സ്വകാര്യവാഹനങ്ങളെ ആശ്രയിക്കാന്‍ തുടങ്ങിയതിനാല്‍ സാമാന്യം നല്ല തിരക്കാണ് ദേശീയപാതയില്‍ ദിവസവും അനുഭവപ്പെടുന്നത്. അതിനിടയിലേക്ക് പൈപ്പ്‌ലൈന്‍ പ്രവര്‍ത്തി കൂടെ ആവുമ്പോള്‍ മണിക്കൂറുകള്‍ നീണ്ട ബ്ലോക്കിനും കാരണമാവുന്നു. കഴിഞ്ഞ ദിവസം വാവാട് ഭാഗത്ത് പൈപ്പിടലിനയി കുഴിച്ച കുഴിയില്‍ ഓട്ടോറിക്ഷ മറിഞ്ഞത് നേരിയ തോതില്‍ സംഘര്‍ഷം സൃഷ്ടിച്ചിരുന്നു. ജനങ്ങളുടെ എതിര്‍പ്പിന് യാതൊരു വിലയും കല്‍പ്പിക്കാതെയാണ് പൈപ്പ്‌ലൈന്‍ പദ്ധതി പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഉണ്ണികുളത്ത് സ്ഥാപിച്ച ഗെയില്‍ സബ് സ്റ്റേഷനിലേക്കാണ് പൈപ്പ്‌ലൈന്‍ കടന്നുപോവുന്നതെന്നാണ് പ്രവര്‍ത്തി ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. നിലവില്‍ കുന്ദമംഗലം മുതല്‍ ഉണ്ണികുളം വരെയും കൊടുവള്ളി മുതല്‍ താമരശ്ശേരി വരെയുമാണ് പ്രവര്‍ത്തി പുരോഗമിക്കുന്നത്. ജനുവരി – ഫെബ്രുവരി മാസത്തോടെ പ്രവര്‍ത്തി പൂര്‍ത്തിയാവുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.