Trending

പുനര്‍ഗേഹം എന്ന പുനരധിവാസം:യാതനകള്‍ക്കൊടുവില്‍ മത്സ്യത്തൊഴിലാളികളുടെ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാവുന്നു

പറവണ്ണ സ്വദേശിയായ യൂസുഫും സക്കീനയും അവരുടെ പ്രായമായ ഉമ്മയുമടങ്ങുന്ന കുടുംബത്തിന് കടല്‍ വെള്ളം കയറാത്ത വീട് ഒരു സ്വപ്നമായിരുന്നു. കടലാക്രമണം നേരിടുന്ന സമയത്ത് വീശിയടിക്കുന്ന കാറ്റില്‍ ഷീറ്റ് മേഞ്ഞ കൂരയുടെ മേല്‍ക്കൂരകള്‍ പറന്നുപോകും.

വീട് നിറയെ വെള്ളം. ഉറങ്ങാനാവാതെ നേരം വെളുപ്പിച്ച എത്രയോ രാത്രികള്‍. മകളുടെ നാലു വയസായ ആണ്‍കുട്ടിയെയും പ്രായമായ ഉമ്മയെയും ഓര്‍ത്തായിരുന്നു യൂസഫിന്റെ വേവലാതി മുഴുവന്‍. കടല്‍ കയറാതിരിക്കാന്‍ കരിങ്കല്‍ ഭിത്തികള്‍ കെട്ടിയിരുന്നെങ്കിലും കനത്ത കാറ്റിലും മഴയിലും പിടിച്ചു നില്‍ക്കാനാവാതെ അവ തകരും.

കാറ്റിലും മഴയിലും കയറിനില്‍ക്കാന്‍ ഒരിടം പോലുമില്ലാതെ ദുരിതം പെയ്യുന്നത് കണ്ടു നില്‍ക്കേണ്ടി വന്ന ദിനരാത്രങ്ങള്‍. കുറച്ചു ദൂരെയുള്ള യൂസഫിന്റെ അനുജന്റെ വീട്ടിലേയ്ക്ക് താമസം മാറിയെങ്കിലും സ്വന്തമായി വീടെന്ന വലിയ സ്വപ്‌നം പിന്നെയും ബാക്കിയായി.

എട്ടു വര്‍ഷത്തിലധികമായി ഉണ്യാല്‍ ബീച്ചില്‍ താമസിച്ചിരുന്ന ഫൈസല്‍- സബിറ ദമ്പതികളുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. വീടിനകത്തും പുറത്തുമായി ചെയ്യുന്ന മഴയില്‍ ഉറങ്ങാനാവാതെ കടലിനെ നോക്കിയിരുന്ന് നേരം വെളുപ്പിക്കും. പോകാനിടമില്ലാതെ, വാടക വീടെടുക്കാനുള്ള സാമ്പത്തികശേഷിയില്ലാതെ ജീവിച്ച വറുതിയുടെ നാളുകള്‍.

പതിനഞ്ചു വര്‍ഷമായി ഉണ്യാല്‍ ബീച്ചില്‍ താമസിക്കുന്ന അഷ്‌റഫ്- ഭാര്യ ഷാഹിദ, മൂന്ന് മക്കള്‍ ഇവരും കടലിനരികെ വീടുള്ളതിന്റെ ദുരിതം പേറുന്നവരായിരുന്നു. കാറ്റടിയ്ക്കാത്ത, മഴ കൊള്ളാത്ത മറവുകളില്‍ മക്കളെയും ചേര്‍ത്തു പിടിച്ച് രാത്രികള്‍ വെളുപ്പിച്ച നാളുകള്‍ ഒരു ദുഃസ്വപ്‌നം പോലെ മനസ്സിലുണ്ട്. മഴയേല്‍ക്കാത്ത കിടപ്പാടത്തിനായി മാത്രം സ്വപ്നം കണ്ട നാളുകള്‍.

കടലിന്റെ ഓരത്ത് താമസിക്കുന്ന എല്ലാ കുടുംബങ്ങള്‍ക്കും വറുതിയുടെയും ദുരിതത്തിന്റെയും കഥകളാണ് ഏറെയും. കടല്‍വെള്ളം കയറാത്ത വീടിനായി സ്വപ്നം കാണുന്നവര്‍. ഓരോ നിമിഷവും യാതനകള്‍ മാത്രം പ്രതീക്ഷിച്ചു ജീവിക്കുന്നവര്‍.

കേരളത്തിന്റെ സൈന്യമെന്ന് സംസ്ഥാനം വിശേഷിപ്പിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിതമായ വാസസ്ഥലം ഒരുക്കുക എന്ന ദൗത്യമാണ് പുനര്‍ഗേഹം പദ്ധതിയിലൂടെ സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. കടലിന്റെ 50 മീറ്റര്‍ പരിധിയില്‍ താമസിക്കുന്ന, കടലാക്രമണം നേരിടുന്നവര്‍ക്കായി സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കിയ പദ്ധതിയാണിത്. ഈ പദ്ധതിയിലൂടെയാണ് ജില്ലയില്‍ മേല്‍പറഞ്ഞ യുസഫ് -സക്കീന, ഫൈസല്‍ – സാബിറ, അഷ്റഫ് – ഷാഹിദ എന്നിവരുള്‍പ്പടെ 16 കുടുംബങ്ങള്‍ക്ക് കടലിനെ ഭയക്കാതെ അന്തിയുറങ്ങാന്‍ സര്‍ക്കാര്‍ പാര്‍പ്പിടമൊരുക്കിയത്.

കാലാവസ്ഥാ വ്യതിയാനം, കടല്‍ ക്ഷോഭം, കടല്‍ കയറ്റം തുടങ്ങിയവ മൂലം ജീവിതം പ്രതിസന്ധിയിലാകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍പരമായ ബുദ്ധിമുട്ടുകളാല്‍ കടലിനടുത്തു നിന്ന് മാറിത്താമസിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ദുരിതമനുഭവിക്കുന്നവരില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പത്തുലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. അവര്‍ സ്വന്തമായി സ്ഥലം വാങ്ങി വീട് വെച്ചു. ബാക്കിയുള്ളവര്‍ക്കാണ് സര്‍ക്കാര്‍ വീട് പണിതു കൊടുക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും ഒരു സംസ്ഥാന സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി ഇത്രയും ബൃഹത്തായ പദ്ധതി ആവിഷ്‌കരിക്കുന്നത്.

ജില്ലയില്‍ നിറമരുതൂര്‍ ഗ്രാമപഞ്ചായത്തിലെ ഉണ്യാലില്‍ തീരദേശ ഹൈവേയ്ക്ക് സമീപം ഫിഷറീസ് വകുപ്പിന്റെ അധീനതയിലുള്ള 30 സെന്റ് സ്ഥലത്ത് 2.10 കോടി രൂപ ചെലവില്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പാണ് ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. സാഫല്യം കോംപ്ലക്‌സ് എന്ന പേരില്‍ രണ്ടു ബ്ലോക്കുകളിലായി പതിനാറു ഭവനങ്ങളാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയത്.

ഒരു വീടിന് 13.5 ലക്ഷമാണ് നിര്‍മ്മാണ ചെലവ്. രണ്ടു ബെഡ്‌റൂം, ഹാള്‍, അടുക്കള, ശുചിമുറി എന്നിവ ഉള്‍പ്പെടുന്ന വീട്ടില്‍ വൈദ്യുതി കണക്ഷന്‍, കുടിവെള്ളം, 500 ലിറ്റര്‍ വാട്ടര്‍ ടാങ്ക്, കുഴല്‍ കിണര്‍ തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പാരിസ്ഥിതികാനുമതി ലഭ്യമായാല്‍ 400 വീടുകള്‍ കൂടി ആറു മാസത്തിനുള്ളില്‍ നിര്‍മിച്ചു നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതി. ഇതോടെ കടലാക്രമണം കൊണ്ട് പൊറുതിമുട്ടിയ ഒട്ടേറെ മത്സ്യത്തൊഴിലാളികളുടെ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാവും

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!