ന്യൂഡല്‍ഹി/വാഷിങ്ടണ്‍: അദാനി ഗ്രൂപ്പ് ഓഹരി തട്ടിപ്പ് പുറത്തുവിട്ട ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുതിയ വെളിപ്പെടുത്തലിനൊരുങ്ങുന്നു. ഇന്ത്യയെ കുറിച്ചുള്ള വമ്പന്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യു.എസ് സാമ്പത്തിക ഗവേഷണ സ്ഥാപനം. എക്സിലൂടെയാണു പ്രഖ്യാപനം. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
2023 ജനുവരിയിലായിരുന്നു അദാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. ഓഹരിമൂല്യത്തില്‍ കൃത്രിമം കാണിച്ചെന്നായിരുന്നു പ്രധാന വെളിപ്പെടുത്തല്‍. കൃത്രിമ നടപടികളിലൂടെ ഓഹരി മൂല്യം പെരുപ്പിച്ചുകാണിച്ചുവെന്നായിരുന്നു കണ്ടെത്തല്‍.
റിപ്പോര്‍ട്ടിനു പിന്നാലെ ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന്റെ മൂല്യം കുത്തനെ ഇടിഞ്ഞ് നിലംപതിച്ചു. ലോക സമ്പന്നരുടെ പട്ടികയില്‍ മൂന്നാമനായിരുന്ന ഗൗതം അദാനി ഏതാനും ആഴ്ചകള്‍ കൊണ്ട് 38-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അദാനിയുടെ ആസ്തിയില്‍ 80 ബില്യന്‍ ഡോളറിന്റെ നഷ്ടമുണ്ടായതായാണു വിവരം.