
ആയുര്‍വേദത്തിന് ആഗോള പ്രശസ്തി നേടിക്കൊടുത്ത കേരളത്തിന്റെ മഹാവൈദ്യനാണ് ഡോ. പി. കെ വാര്യറെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
ഏഴു ദശാബ്ദം നേതൃത്വം നല്കി നൂറാം വയസില്‍ വിടവാങ്ങിയപ്പോള്‍ 400 കോടി രൂപ വിറ്റുവരവും 2000 പേര്‍ക്ക് തൊഴിലും നല്കുന്ന മഹാപ്രസ്ഥാനമായി കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയെ മാറ്റിയെടുക്കാന്‍ സാധിച്ചു. ലക്ഷക്കണക്കിന് ആളുകളാണ് കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലൂടെ സൗഖ്യം നേടിയത്.
കേരളത്തിന്റെ സ്വന്തം എന്നവകാശപ്പെടുന്ന ആയുര്‍വേദത്തിന് ഡോ. പികെ വാര്യര്‍ നല്കിയ അതുല്യമായ സംഭാവനകള്‍ എക്കാലവും സ്മരിക്കപ്പെടും.

ആയുർവ്വേദത്തിൻ്റെ പെരുമ ലോകമെങ്ങും എത്തിച്ച വൈദ്യകുലോത്തമനെന്ന നിലയിൽ ഡോ.പി.കെ.വാരിയരുടെ നാമം എക്കാലവും സ്മരിക്കപ്പെടുമെന്ന് രമേശ് ചെന്നിത്തല ഒരു അനുശോചനസന്ദേശത്തിൽ പറഞ്ഞു.
ഗുണമേന്മയുള്ള ഔഷധങ്ങൾ വിപുലമായ തോതിൽ ജനങ്ങൾക്കു ലഭ്യമാക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിലൂടെ ആയുർവ്വേദം എന്നാൽ കോട്ടയ്ക്കൽ എന്ന നിലയിലേക്ക്, താൻ നേതൃത്വം നൽകിയ കോട്ടയ്ക്കൽ ആര്യവൈദ്യശാലയെ ഉയർത്തിയ ഡോ.വാരിയർ തൻ്റെ ജീവിതം ആയുർവ്വേദത്തിനുവേണ്ടി ഉഴിഞ്ഞുവയ്ക്കുകയായിരുന്നു എന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. അദ്ദേഹത്തിൻ്റെ വേർപാട് അപരിഹാര്യമായ നഷ്ടമാണെന്നും ചെന്നിത്തല പറഞ്ഞു.

ആയുർവേദ കുലപതിയും കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയുമായ ഡോ. പി കെ വാര്യരുടെ നിര്യാണത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി അനുശോചിച്ചു.
വൈദ്യത്തിന് മാനവികതയുടെ മുഖം നൽകിയ വിശ്വപൗരനാണ് അദ്ദേഹം.സഹാനുഭൂതിയും കരുണയും കൈമുതലാക്കിയ സവിശേഷ വ്യക്തിത്വം.ആയുർവേദ ചികിത്സയുടെ പെരുമ ലോകമെമ്പാടും എത്തിച്ച ധിഷണാശാലി.പ്രവർത്തന പന്ഥാവിൽ തന്റെതായ വ്യക്തിമുദ്രപതിപ്പിച്ച അദ്ദേഹം പ്രകൃതിയുമായി ഇണങ്ങിയ ചികിത്സാ രീതിയാണ് പിന്തുടർന്നത്.
ഭാരതീയ ചികിത്സാ സമ്പ്രദായത്തിന് പി കെ വാര്യർ നൽകിയ സംഭാവനകൾ മാനിച്ചും ആറുദശാബ്ദക്കാലത്തെ നിസ്തുല സേവനം മുൻനിർത്തിയും കണ്ണൂർ ആറളം വനപ്രദേശത്ത് കണ്ടെത്തിയ അപൂർവയിനം സസ്യത്തിന് അദ്ദേഹത്തിന്റെ പേര് നൽകിയിട്ടുണ്ട്.
ലോകം മുഴുവൻ അംഗീകരിക്കുന്ന പി കെ വാര്യരുടെ വേർപാട് വൈദ്യമേഖലയ്ക്ക് അപരിഹാര്യമായ നഷ്ടമാണെന്നും സുധാകരൻ പറഞ്ഞു.
എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി. യുടെ അനുശോചനം.
‘ആയുർവേദ ശാഖയെ
ലോകത്തിന്റെ നെറുകയിലേക്ക് പടർത്തിയ വൈദ്യകുലപതി പത്മഭൂഷൺ
ഡോ. പി.കെ.വാരിയരുടെ നിര്യാണത്തിൽ എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി.അനുശോചിച്ചു. അദ്ദേഹത്തിൻ്റെ വിയോഗം രാജ്യത്തിന് തീരാ നഷ്ടമാണ്. ആയുർവേദം ഒരു ചികിത്സാരീതി മാത്രമല്ല, ജീവിതചര്യയാണെന്ന് പഠിപ്പിച്ചുതന്ന പുണ്യ ജന്മമായിരുന്നു പി.കെ.വാരിയർ.
കോട്ടക്കൽ ആര്യവൈദ്യശാലയെന്ന മഹത്തായ സ്ഥാപനം കേവലം ചികിത്സാ കേന്ദ്രം മാത്രമല്ല, മറിച്ച് അനുകമ്പയുടെ, സഹാനുഭൂതിയുടെ വിളനിലമായിരുന്നു. കോട്ടക്കലിൽ ഒരിക്കലെങ്കിലും ചികിത്സ തേടിയവർ ആ പാരമ്പര്യ ഗുണം അനുഭവിച്ചറിഞ്ഞിട്ടുണ്ടാവും.
അര ദശാബ്ദക്കാലത്തിലേറെ നീണ്ട ഡോ.പി.കെ വാരിയരുടെ സംഭാവന മാനിച്ച്,
കണ്ണൂർ ജില്ലയിലെ ആറളം വനപ്രദേശത്തു കണ്ടെത്തിയ പുതിയ ഇനം സസ്യത്തിന് അദ്ദേഹത്തിന്റെ പേര് നൽകിയത് അഭിമാന മുഹൂർത്തമായിരുന്നു. ജിംനോസ്റ്റാക്കിയം വാരിയരാനം എന്ന പേരിലൂടെ, കോട്ടക്കൽ ആര്യ വൈദ്യശാലയെന്ന ലോകോത്തര സ്ഥാപനത്തിലൂടെ, സൗഖ്യം നേടിയ ലക്ഷക്കണക്കിന് ആളുകളിലൂടെ മരണമില്ലാതെ ഡോ.പി.കെ.വാരിയർ എന്നും ജീവിക്കുമെന്നും വേണുഗോപാൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ജീവിതത്തിലുടനീളം മനുഷ്യ സൗഹാർദ്ദവും മാനവിക ഐക്യവും മുറുകെ പിടിച്ച മഹാനായിരുന്നു അന്തരിച്ച കോട്ടക്കൽ ആര്യവൈദ്യശാലാ മാനേജിംഗ് ട്രസ്റ്റി ഡോ.പി.കെ വാര്യർ എന്ന് കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ.ഹുസൈൻ മടവൂർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ആയുർവേദത്തിന്റെ ആധികാരികത ആഗോളതലത്തിലെത്തിക്കുവാനും അതുവഴി കേരളത്തിന്റെ ചികിത്സാ പാരമ്പര്യം ലോകത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും അദ്ദേഹത്തിന്ന് സാധിച്ചു. കൊറോണ ചികിത്സക്ക് പോലും അദ്ദേഹം നിർദ്ദേശിച്ചത് സമീകൃതാഹാരവും ചിട്ടയായ വ്യായാമവും മതിയായ വിശ്രമവുമായിരുന്നു. വാര്യരുടെ വിയോഗം വലിയ നഷ്ടം തന്നെയാണെന്നും ഹുസൈൻ മടവൂർ അനുസ്മരിച്ചു.

