ദില്ലി: കൊവിഡ് മൂന്നാംതരംഗം വരുമെന്ന മുന്നറിയിപ്പ് നിലനിൽക്കേ, കുട്ടികളിലെ കൊവിഡ് ചികിത്സാ മാനദണ്ഡങ്ങൾ എങ്ങനെ വേണമെന്ന് വ്യക്തമാക്കുന്ന ചികിത്സാ മാർഗരേഖ പുറത്തിറക്കി കേന്ദ്രസർക്കാർ. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവസീസസ് ആണ് ചികിത്സാ മാനദണ്ഡങ്ങൾ പുറത്തിറക്കിയത്. ആന്‍റിവൈറൽ ജീവൻ രക്ഷാ മരുന്നായ റെംഡെസിവിർ കുട്ടികളിൽ ഉപയോഗിക്കരുതെന്ന് പുതിയ മാർഗരേഖയിൽ പറയുന്നു. അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് മാസ്ക് നിർബന്ധമല്ലെന്നും ഉപയോഗിച്ചാൽ നല്ലതെന്നും മാർഗരേഖ വ്യക്തമാക്കുന്നു.
കൊവിഡ് മൂന്നാം തരംഗം കുട്ടികളെയാണ് ബാധിക്കുകയെന്ന വാർത്തകൾ പലയിടത്തും പ്രചരിക്കുന്നുണ്ടെങ്കിലും രാജ്യത്തെ കൊവിഡ് ടാസ്ക് ഫോഴ്സിലെ മുതിർന്ന ഡോക്ടർമാരടക്കം അത്തരം ഒരു നിഗമനത്തിലേക്ക് എത്താനുള്ള ഡാറ്റ തങ്ങളുടെ പക്കലില്ലെന്നും, ഈ വിവരം എങ്ങനെയാണ് പടർന്നതെന്നറിയില്ലെന്നുമാണ് വ്യക്തമാക്കുന്നത്. രണ്ടാം തരംഗത്തിൽ കൊവിഡ് ബാധിച്ച 60 മുതൽ 70 ശതമാനം വരെ കുട്ടികൾക്കും, എന്തെങ്കിലും തരത്തിലുള്ള കോ മോർബിഡിറ്റി അസുഖങ്ങളോ, അല്ലെങ്കിൽ കുറഞ്ഞ പ്രതിരോധശേഷിയോ ആണുണ്ടായിരുന്നതെന്നും, എയിംസ് ഡയറക്ടർ ഡോ. റൺദീപ് ഗുലേറിയ വ്യക്തമാക്കുന്നു. ചെറിയ രോഗലക്ഷണങ്ങൾ മാത്രമുള്ള ആരോഗ്യസ്ഥിതിയുള്ള കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതില്ലെന്നും, രൺദീപ് ഗുലേറിയ വ്യക്തമാക്കിയിരുന്നു.
പുതിയ മാർഗനിർദേശങ്ങളിങ്ങനെയാണ്:
ചെറിയ രോഗലക്ഷണങ്ങളും അണുബാധയുമുള്ള കുട്ടികൾ
– സ്റ്റിറോയ്‍ഡുകൾ ഈ തരത്തിലുള്ള കുട്ടികൾക്ക് ഒരു കാരണവശാലും നൽകരുത്. ആന്‍റി മൈക്രോബിയലുകളും ഈ കുട്ടികൾക്ക് നൽകരുത്.
– HRCT ഇമേജിംഗ് വളരെ ശ്രദ്ധാപൂർവം മാത്രമേ നടത്താവൂ.
– പനിയുണ്ടെങ്കിൽ എല്ലാ 4 – 6 മണിക്കൂർ ഇടവിട്ട് പാരസെറ്റമോൾ നൽകാം. തൊണ്ടവേദനയും കഫക്കെട്ടുമുണ്ടെങ്കിൽ അതിനുള്ള മരുന്ന് നൽകാം. സലൈൻ ഗാർഗിളുകൾ കുറച്ച് വലിയ കുട്ടികൾക്ക് നൽകാം. ടീനേജുകാർക്കും ചുമയുണ്ടെങ്കിൽ ഗാർഗിൾ ചെയ്യാൻ സലൈൻ നൽകാം.
താരതമ്യേന കൂടുതൽ അണുബാധയുള്ള കുട്ടികൾ
– ഉടനടി തന്നെ അസുഖം കൂടാതിരിക്കാൻ ഓക്സിജൻ തെറാപ്പി തുടങ്ങണം
– കോർട്ടിക്കോസ്റ്റിറോയ്‍ഡുകൾ ഈ കുട്ടികൾക്ക് നൽകരുത്. അസുഖത്തിന്‍റെ പുരോഗതി പരിശോധിച്ച ശേഷം മാത്രം രക്തം കട്ടപിടിക്കാതിരിക്കാനുള്ള ആന്‍റി കോഗ്യുലന്‍റ് മരുന്നുകൾ നൽകാം.
കടുത്ത അണുബാധയുള്ള കുട്ടികൾ
-കടുത്ത അണുബാധയുണ്ടെങ്കിൽ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം – കടുത്ത ശ്വാസംമുട്ട് വരാതിരിക്കാനുള്ള നടപടി ഉടൻ തുടങ്ങണം
– ആന്‍റിമൈക്രോബിയൽ മരുന്നുകൾ അത്യാവശ്യമെങ്കിൽ മാത്രമേ നൽകാവൂ. അവയവങ്ങൾ സ്തംഭിക്കുന്ന അവസ്ഥ വന്നാൽ വേണ്ട സഹായം ഉറപ്പാക്കണം.
കാർഡിയോ പൾമിനറി പ്രവർത്തനങ്ങൾ കൃത്യമാണോ എന്നുറപ്പാക്കാൻ 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ആറ് മിനിറ്റ് നടത്തം പരീക്ഷിച്ച് നോക്കണമെന്നും മാർഗരേഖ പറയുന്നു. പൾസ് ഓക്സിമീറ്റർ കുട്ടിയുടെ കയ്യിൽ ഘടിപ്പിച്ച ശേഷം, ആറ് മിനിറ്റ് മുറിയ്ക്കുള്ളിൽ നടന്ന് നോക്കണമെന്നാണ് നിർദേശം.