കർണാടക നിയമസഭാ തെരെഞ്ഞടുപ്പ് പുരോഗമിക്കുന്നു. ഉച്ച വരെ നാല്പത് ശതമാനം പോളിങ് രേഖപ്പെടുത്തി. അഞ്ചുകോടിയോളം വോട്ടർമാർ വിധിയെഴുതുന്ന സംസ്ഥാനത്ത് വലിയ പ്രതീക്ഷയിലാണ് കോൺഗ്രസും ബി ജെ പിയും ഒപ്പം ജെഡിഎസും.
പൂജകൾക്ക് ശേഷമായിരുന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറും അടക്കമുള്ള പ്രമുഖ നേതാക്കളെല്ലാം വോട്ട് ചെയ്യാനെത്തിയത്. ബി ജെ പി വീണ്ടും അധികാരത്തിലെത്തുമെന്ന് ബി ജെ പി മുതിർന്ന നേതാവ് യെദിയൂരപ്പ പറഞ്ഞപ്പോൾ, ഗ്യാസ് സിലിണ്ടറിനെ നോക്കി വോട്ട് ചെയ്യാനിറങ്ങാൻ ജനങ്ങളോട് ഡി കെ ശിവകുമാർ അഭ്യർഥിച്ചു.
ഉച്ച വരെ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറും മന്ത്രി ആർ അശോകയും മത്സരിക്കുന്ന കനകപുരയിലാണ്കർണാടകയിലെ ഏറ്റവും വലിയ താലൂക്കായ കൊല്ലെഗലിലാണ് ഏറ്റവും കുറവ് പോളിംഗ്. വാശിയേറിയ പോരാട്ടം നടക്കുന്ന ഉത്തര കർണാടകയിലെ പല മണ്ഡലങ്ങളിലും ദക്ഷിണ കന്നഡ ജില്ലയിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്.
നഗരമേഖലകളിൽ സാമാന്യം ഭേദപ്പെട്ട പോളിംഗ് ഉണ്ട്. ബെംഗ്ളുരു സൗത്ത് മേഖലകളിലെ മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ പോളിംഗ്. കഴിഞ്ഞ വർഷം വെറും 55% പോളിംഗ് മാത്രമാണ് ബെംഗ്ളുരു നഗരത്തിൽ രേഖപ്പെടുത്തിയത്. പതിവിന് വിപരീതമായി ഇന്ന് രാവിലെ നേരത്തേ തന്നെ ആളുകൾ പോളിംഗ് ബൂത്തുകളിലെത്തുന്നത് കണ്ടു.
2018-ൽ 72.45% ആയിരുന്നു സംസ്ഥാനത്തെ ആകെ പോളിംഗ് ശതമാനം. രാജ്യത്ത് തന്നെ ആദ്യമായി വോട്ട് ഫ്രം ഹോം എന്ന സൗകര്യം നടപ്പാക്കിയത് ഈ തെരഞ്ഞെടുപ്പിലാണ്. ഈ സൗകര്യം ഉപയോഗിക്കാവുന്നവരിൽ 94% പേരും വോട്ട് രേഖപ്പെടുത്തി. ഭരണവിരുദ്ധവികാരവും അഴിമതിയാരോപണങ്ങളും വലിയ വെല്ലുവിളിയായിരുന്ന തെരഞ്ഞെടുപ്പിൽ അവസാനലാപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രചാരണത്തിന്‍റെ കടിഞ്ഞാൺ നേരിട്ട് കയ്യിലെടുത്തത്.

