പ്രധാനമന്ത്രി മഹിന്ദ രജപക്സെയുടെ രാജിക്ക് പിന്നാലെ ശ്രീലങ്കയിൽ തെരുവ് യുദ്ധം. സർക്കാർ അനുകൂലികളും പ്രതിപക്ഷവും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു. 210 പേർ സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നുണ്ട്.
പ്രഷേധക്കാർ ടെംപിൾ ട്രീസിന് മുന്നിൽ സംഘടിച്ചതോടെ തന്റെ ഔദ്യോഗിക വസതി മഹിന്ദ രജപക്സെ ഉപേക്ഷിച്ചു. സംഘർഷ സ്ഥലത്ത് സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
ആഭ്യന്തര കലാപത്തിനിടെ ഇന്നലെ ഭരണപക്ഷ എം പി അമരകീർത്തി അതുകോരള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. പ്രതിഷേധക്കാർക്ക് നേരെ അമരകീർത്തി അതുകോരള വെടിയുതിർക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇന്നലെ നടന്ന സംഘർഷത്തിൽ 50 പേർക്കാണ് പരിക്കേറ്റത്. തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ സമരത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ റാലി നടത്തുകയും തൊഴിലിടങ്ങളിൽ പ്രതിഷേധ സൂചകമായി കറുത്ത പതാക ഉയർത്തുകയും ചെയ്തു.
പൊതു ഗതാഗത സർവീസുകളും തടസപ്പെട്ടു. വിദ്യാത്ഥി സംഘടനകളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടത്തിയ പാർലമെന്റ് മാർച്ചും അക്രമാസക്തമായിരുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്ന ശ്രീലങ്കയിൽ ഇന്നലെയാണ് പ്രധാന മന്ത്രി മഹിന്ദ രജപക്സെ രാജി വെച്ചത്.