ശവശരീരത്തിൽ നിന്ന് വസ്ത്രങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച 7 പേർ അറസ്റ്റിൽ.ശ്മശാനത്തിൽ സംസ്ക്കരിക്കാൻ എത്തിക്കുന്ന മൃതദേഹങ്ങളിൽ നിന്നാണ് സംഘം വസ്ത്രങ്ങൾ കവരുന്നത്. ഇതിനായി പ്രത്യേക സംഘം തന്നെ പ്രവർത്തിച്ചുവരികയായിരുന്നു. ഏഴുപേരെയാണ് ഇപ്പോൾ പിടികൂടിയിരിക്കുന്നത്.ഉത്തർപ്രദേശിലെ ബാഗ്പട്ട് ജില്ലയിലാണ് സംഭവം.അറസ്റ്റ് ചെയ്ത ഏഴ് പേരെ ചോദ്യം ചെയ്തതിൽ നിന്നും അവർ ബെഡ്ഷീറ്റുകൾ, സാരികൾ, വസ്ത്രങ്ങൾ എന്നിവ ശ്മശാനങ്ങളിൽ നിന്നും മോഷ്ടിച്ചിരുന്നുവെന്ന് അറിയാൻ സാധിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. കണ്ടെടുത്ത വസ്തുക്കളിൽ 520 ബെഡ്ഷീറ്റുകൾ, 127 കുർത്തകൾ, 52 വെള്ള സാരികൾ, മറ്റ് വസ്ത്രങ്ങൾ എന്നിവ ഉൾപ്പെടുന്നതായും സർക്കിൾ ഓഫീസർ അലോക് സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മോഷ്ടിച്ച തുണിത്തരങ്ങൾ കഴുകിയെടുത്ത് ഇസ്തിരിയിട്ട ശേഷം, കമ്പനി ലേബലിൽ വീണ്ടും വിൽക്കുമായിരുന്നുവെന്നാണ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്. പ്രദേശത്തെ ചില വസ്ത്ര വ്യാപാരികൾ ഈ മോഷ്ടാക്കളുമായി കരാറിലേർപ്പെട്ടിട്ടുണ്ടെന്നും ഒരു ദിവസത്തെ കവർച്ച മുതലിന് 300 രൂപയോളം ഇവർക്ക് നൽകിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അറസ്റ്റിലായ ഏഴു പേരിൽ മൂന്നുപേർ ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ്. കഴിഞ്ഞ10 വർഷത്തോളമായി ഇവർ മോക്ഷണത്തിൽ ഏർപ്പെട്ടിരുന്നു എന്നാണ് പൊലീസ് അറിയിക്കുന്നത്. എന്നാലിവർ അറസ്റ്റിലാകുന്നത് ഇപ്പോഴാണ്. മോഷണത്തിന് മാത്രമല്ലാതെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ഇവർക്കെതിരെ കേസെടുക്കുമെന്ന് അലോക് സിംഗ് പറഞ്ഞു