ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും, കാലാവസ്ഥാ വകുപ്പിന്റെയും ട്വിറ്റർ അക്കൗണ്ടുകൾക്ക് പിന്നാലെ രണ്ട് ദിവസത്തിനിടെ ഹാക്ക് ചെയ്യപ്പെടുന്ന മൂന്നാമത്തെ പ്രധാന ട്വിറ്റർ അക്കൗണ്ടുകളിൽ ഒന്നായി യു ജി സിയും.
2,96,000 ഫോളോവേഴ്സുള്ള അക്കൗണ്ടാണ് ഇന്ന് ഹാക്ക് ചെയ്യപ്പെട്ടത്. അക്കൗണ്ടിന്റെ നിയന്ത്രണം ഏറ്റെടുത്ത ഹാക്കർമാർ പരസ്പര ബന്ധമില്ലാത്ത ട്വീറ്റുകൾ പോസ്റ്റ് ചെയ്യുകയും അപരിചിതരായ ആളുകളെ മെൻഷൻ ചെയ്യാനും തുടങ്ങിയതോടെ ആണ് ഹാക്ക് ചെയ്തതതായി ശ്രദ്ധയിൽ പെട്ടത്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെ ഇന്നലെയാണ് സൈബര്‍ ആക്രമണമുണ്ടായത്. യുപി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ഹാക്ക് ചെയ്തതിന് പിന്നാലെ ഡിസ്പ്ലേ ചിത്രമായിരുന്ന യോഗി ആദിത്യ നാഥിന്റെ ഫോട്ടോ മാറ്റിയതിനൊപ്പം നിരവധി ട്വീറ്റുകളും പങ്കുവച്ചു. 100ഓളം ട്വീറ്റുകളാണ് യുപി മുഖ്യമന്ത്രിയുടെ അക്കൗണ്ടില്‍ നിന്നും ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തത്. നാല് മണിക്കുറോളം സമയം അക്കൗണ്ട് ഹാക്കർമാർ കൈക്കലാക്കി.
ഹാക്കിങ് ശ്രദ്ധയില്‍ പെട്ടതിന് പിന്നാലെ അക്കൗണ്ട് തിരിച്ച് പിടിക്കുകയും ചെയ്തിട്ടുണ്ട്. അക്കൗണ്ടില്‍ ഇതിനോടകം മുഖ്യമന്ത്രിയുടെ ഫോട്ടോയും മറ്റ് വിവരങ്ങളും പുനഃസ്ഥാപിക്കുകയും ചെയ്തു. തകരാര്‍ ഭാഗികമായി പരിഹരിച്ചെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
യോഗിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്ന് അനാവശ്യ ട്വീറ്റുകള്‍ ശ്രദ്ധയില്‍പെട്ട ചിലരാണ് അക്കൗണ്ട് ഹാക്ക് ചെയ്തെന്ന സംശയം പങ്കുവച്ചത്. ഹാക്കിംഗിന്റെ സ്ക്രീന്‍ഷോട്ടുകള്‍ സഹിതം ആളുകള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അക്കൗണ്ടിലും യുപി പൊലീസിനും വിവരമറിയിക്കുകയായിരുന്നു. അക്കൗണ്ട് പുനഃസ്ഥാപിച്ചതിന് പിന്നാലെ അക്കൗണ്ട് ഹാക്ക് ചെയ്തതിന് ശേഷം പോസ്റ്റ് ചെയ്ത ട്വീറ്റുകളും നീക്കിയിട്ടുണ്ട്.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ടും സമാനമായ രീതിയില്‍ ഹാക്ക് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് ബിറ്റ്കോയിന് ഔദ്യോഗികമായി അംഗീകരിച്ചുവെന്ന തരത്തില്‍ ട്വീറ്റുകള്‍ പങ്കുവച്ചിരുന്നു. തുടര്‍ച്ചയായി ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതില്‍ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.