അന്തരിച്ച അഭിനയപ്രതിഭ പ്രതാപ് പോത്തന് രാജ്യാന്തര മേള ശനിയാഴ്ച ആദരമൊരുക്കും .മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവന മുൻനിർത്തി വിനോദ് കരിക്കോട് സംവിധാനം ചെയ്ത കാഫിർ എന്ന ചിത്രമാണ് പ്രദർശിപ്പിക്കുക .കലാഭവനിൽ ഉച്ചക്ക് 12 നാണ് പ്രദർശനം.
താടിയുള്ളവരെ ഭയപ്പെടുന്ന ഗൃഹനാഥന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം .സമൂഹിക ബന്ധമില്ലാതെ ജീവിക്കുന്ന മധ്യവസ്കൻ താടിയുള്ളവരോട് ദേഷ്യവും വെറുപ്പും പ്രകടിപ്പിക്കുന്നതിലൂടെയാണ് ചിത്രം വികസിക്കുന്നത് . താടി വെച്ച് നടക്കുന്നവരെല്ലാം ബോംബ് വെക്കുന്നവരാണെന്ന ചിന്താഗതിയുള്ള രഘുവിന്റെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളാണ് ചിത്രം ചർച്ചചെയ്യുന്നത് .കാൽ നൂറ്റാണ്ടിന് ശേഷം പ്രതാപ് പോത്തൻ നായക വേഷം ചെയ്ത ചിത്രമാണ് കാഫിർ.
ചിത്രത്തിന്റെ പ്രദർശനത്തിന് മുൻപ് ഇ.പി രാജഗോപാൽ എഡിറ്റു ചെയ്ത ഋതുഭേദങ്ങളിലൂടെ പ്രതാപ് പോത്തൻ എന്ന പുസ്‌തകത്തിന്റെ പ്രകാശനവും ഉണ്ടാകും .പ്രതാപ് പോത്തന്റെ മകൾ കേയ ചടങ്ങിൽ പങ്കെടുക്കും.
സ്പാനിഷ് നിയമം തിരുത്തിയെഴുതിച്ച പ്രിസൺ 77 ശനിയാഴ്ച

1977 ൽ ബാഴ്സലോണയിലെ ജയിലിൽ നടന്ന സംഘർഷങ്ങൾ പ്രമേയമാക്കി സ്‌പാനിഷ് സംവിധായകൻ ആൽബർട്ടോ റോഡ്രിഗസ് സംവിധാനം ചെയ്ത സ്പാനിഷ് ത്രില്ലർ ചിത്രം പ്രിസൺ 77 ന്റെ ആദ്യ പ്രദർശനം ശനിയാഴ്ച . മണി ഹെയ്സ്റ്റ് എന്ന പരമ്പരയിലെ റിയോയെ അവതരിപ്പിച്ച മിഗ്വൽ ഹെറാൻ നായകനാകുന്ന ചിത്രം മേളയിലെ ലോക സിനിമാ വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്.നിശാഗന്ധിയിൽ വൈകുന്നേരം ആറിനാണ് പ്രദർശനം.
ചെയ്യാത്ത കുറ്റത്തിന് ജയിലിലായ യുവാവ് നീതിരാഹിത്യത്തിന്റെ പേരിൽ നടത്തുന്ന പ്രതികരണവും തുടന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.ജയിലിലെ കലാപത്തിന്റെ പശ്ചാത്തലത്തിൽ സ്പയിനിലെ ജയിൽ നിയമങ്ങൾ പിന്നീട് പരിഷ്കരിച്ചിരുന്നു.
ബോക്സോഫീസിൽ മികച്ച വിജയം നേടിയ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് മേളയിലേത്.

