കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം 14ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്നലെ വൈകിട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ ഏതാനും കര്‍ഷക സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടതോടെ, ഇന്ന് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ചയില്‍നിന്ന് കര്‍ഷകര്‍ പിന്‍മാറിയിരുന്നു. ഇതേത്തുടര്‍ന്ന്, സര്‍ക്കാരിന്റെ അഞ്ചിന നിര്‍ദേശങ്ങള്‍ ഇന്ന് രേഖാമൂലം കര്‍ഷകര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍, വിവാദ നിയമങ്ങള്‍ പിന്‍വലിക്കാതെ യാതൊരു നിര്‍ദേശവും അംഗീകരിക്കില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ കര്‍ഷക സംഘടകളുടെ യോഗം ചര്‍ച്ച ചെയ്യുകയാണ്. അതിനുശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അറിയിക്കുക.
താങ്ങുവിലയില്‍ രേഖാമൂലം ഉറപ്പ്, സര്‍ക്കാര്‍ നിയന്ത്രിത കാര്‍ഷിക ചന്തകള്‍ നിലനിര്‍ത്തും, സ്വകാര്യ മേഖലയെ നിന്ത്രിക്കും, കരാര്‍, കൃഷി തര്‍ക്കങ്ങളില്‍ നേരിട്ട് കോടതിയെ സമീപിക്കാം, സ്വകാര്യ, സര്‍ക്കാര്‍ ചന്തകള്‍ക്ക് നികുതി ഏകീകരണം എന്നീ അഞ്ച് ഫോര്‍മുലകളാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നത്. അതേസമയം, നിയമങ്ങള്‍ പിന്‍വലിക്കാതിരിക്കാന്‍ സര്‍ക്കാരിന് വാശിയാകാമെങ്കില്‍ കര്‍ഷകര്‍ക്ക് തങ്ങളുടെ പ്രതിഷേധം തുടരാനുള്ള വാശിയും ആകാമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ ദേശീയ വക്താവ് രാകേഷ് ടികായത് പറഞ്ഞു. കര്‍ഷകര്‍ വെറുതെ മടങ്ങിപ്പോകില്ല. ഇത് അവരുടെ അഭിമാനത്തിന്റെ കാര്യമാണ്. സര്‍ക്കാര്‍ നിയമങ്ങള്‍ പിന്‍വലിക്കുമോ? അതോ സേച്ഛാധിപത്യപരമായി പെരുമാറുമോ? സര്‍ക്കാരിന് ധാര്‍ഷ്ട്യമാകാമെങ്കില്‍ കര്‍ഷകരും അങ്ങനെ തന്നെ- രാകേഷ് ടികായത് വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച അഞ്ചിന നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള കര്‍ഷക സംഘടനകളുടെ യോഗം പുരോഗമിക്കുകയാണ്.