കേരള സ്കൂൾ കായികമേള അത്ലറ്റിക് വിഭാഗത്തിൽ മലപ്പുറത്തിന്റെ മുന്നേറ്റം തുടരുന്നു. 68 പോയിന്റോടെ മലപ്പുറം ഒന്നാമതും 55 പോയിന്റോടെ പാലക്കാട് രണ്ടാം സ്ഥാനത്തുമാണ്. ഓവറോൾ വിഭാഗത്തിൽ തിരുവനന്തപുരം ജില്ല കിരീടം ഉറപ്പിച്ചു.എം. അത്‌ലറ്റിക് വിഭാഗത്തിൽ ഇന്ന് രാവിലെ നടന്ന മൂന്ന് ഫൈനലുകളിൽ ജൂനിയർ ബോയ്സ് ഷോട്ട്പുട്ടിൽ തിരുവനന്തപുരത്തിൻ്റെ കാർത്തിക് കൃഷ്ണ സ്വർണം നേടി. സബ്ജൂനിയർ ഗേൾസ് ഷോട്ട്പുട്ടിൽ കണ്ണൂരിനാണ് സ്വർണം. സീനിയർ ആൺകുട്ടികളുടെ ഹൈജമ്പിൽ കോട്ടയത്തിന് സ്വർണ്ണം. മലപ്പുറം വെള്ളി നേടി. ലോങ്ങ്ജമ്പ് , ഡിസ്കസ് ത്രോ, ഹർഡിൽസ് ഉൾപ്പെടെ ഉച്ചയ്ക്ക് ശേഷം അത്‌ലറ്റിക് വിഭാഗത്തിൽ 15 ഫൈനലുകൾ ഉണ്ട്.
ഓവറോൾ ചാമ്പ്യൻഷിപ്പിനായുള്ള പോരാട്ടത്തിൽ തിരുവനന്തപുരത്തിന്റേത് എതിരാളികൾ ഇല്ലാത്ത കുതിപ്പ്. 1844 പോയിൻ്റുകളാണ് തിരുവനന്തപുരത്തിന് ഉള്ളത്. 741 പോയിന്റുമായി തൃശ്ശൂരാണ് രണ്ടാമത്. ഗെയിംസ് വിഭാഗത്തിൽ മാത്രം തിരുവനന്തപുരത്തിന് 1163 പോയിന്റുകൾ ഉണ്ട്. ഇന്നലെ പൂർത്തിയായ അക്വാറ്റിക്സിൽ തിരുവനന്തപുരം 654 പോയിന്റോടെ ചാമ്പ്യന്മാരായി. ഓവറോൾ കിരീട പോരിൽ തിരുവനന്തപുരത്തിന് ഇനി എതിരില്ല. ഇൻക്ലൂസീവ് സ്പോർട്സിലും അക്വാട്ടിക്സിലും കിരീടം നേടി. ഗെയിംസിലും കിരീടം ഉറപ്പിച്ചു. അറിയാനുള്ളത് ആവേശകരമായ അത്ലറ്റിക്സിൽ ചാമ്പ്യൻപട്ടം ആർക്കെന്നത്.