എം.പിമാരുടെ പ്രാദേശിക വികസന ഫണ്ടില്‍ (എംപി ലാഡ്സ്) ഉള്‍പ്പെടുത്തി ജില്ലയില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗ്. ജില്ലയിലെ എംപി ലാഡ്സ് പദ്ധതികളുടെ അവലോകന യോഗത്തിലാണ് ജില്ലാ കളക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
എം.പി ലാഡ്സ് പദ്ധതികള്‍ അനന്തമായി നീണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണിത്. ന്യായമായ കാരണങ്ങള്‍ കൊണ്ടല്ലാതെ പദ്ധതികള്‍ വൈകിപ്പിച്ചാല്‍ അതുമൂലമുണ്ടാവുന്ന അധിക സാമ്പത്തിക ബാധ്യതകള്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉത്തരവാദികളാകുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച പദ്ധതികള്‍ നടപ്പിലാക്കുന്നത് അനന്തമായി നീട്ടിക്കൊണ്ടുപോവുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല.
എം.പി ലാഡ്സ് പദ്ധതിയില്‍ ആവശ്യപ്പെട്ട് 15 ദിവസത്തിനകം എസ്റ്റിമേറ്റ് സമര്‍പ്പിക്കുകയും ഭരണാനുമതി ലഭിച്ച് 45 ദിവസത്തിനകം സാങ്കേതികാനുമതി ലഭ്യമാക്കുകയും ചെയ്യണം. പദ്ധതിയുടെ കൃത്യമായ വര്‍ക്ക് ഷെഡ്യൂള്‍ ബന്ധപ്പെട്ട നിര്‍വഹണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. പദ്ധതി നിര്‍വഹണം സംബന്ധിച്ച് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കും സാങ്കേതിക ഉദ്യോഗസ്ഥര്‍ക്കുമെതിരേ ശിക്ഷാനടപടി കൈക്കൊള്ളുമെന്നും ജില്ല കളക്ടര്‍ വ്യക്തമാക്കി
എം.പിമാരായ എം കെ രാഘവന്‍, രാഹുല്‍ ഗാന്ധി, ജോസ് കെ മാണി, പി ടി ഉഷ, പി വി അബ്ദുല്‍ വഹാബ്, അഡ്വ ജെബി മേത്തര്‍, മുന്‍ എം.പി എളമരം കരീം, ബിനോയ് വിശ്വം എന്നിവരുടെ എം പി ലാഡ്‌സ് വിനിയോഗിച്ചുകൊണ്ടുള്ള വിവിധ പദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തി.
യോഗത്തില്‍ അസിസ്റ്റന്റ് കളക്ടര്‍ ആയുഷ് ഗോയല്‍, ജില്ല പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍, എം.പിമാരുടെ പ്രതിനിധികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍പങ്കെടുത്തു.