കട വരാന്തയിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബി ജീവനക്കാർക്ക് അനാസ്ഥയുണ്ടെന്ന് റിപ്പോർട്ട് പുറത്ത് വന്നതോടെ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവാവിന്റെ കുടുംബം. ഓവർസിയർ ഉൾപ്പടെ മൂന്ന് ജീവനക്കാരുടെ ജാഗ്രതക്കുറവ് അപകടത്തിന് കാരണമായെന്നാണ് ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിന്റെ കണ്ടെത്തൽ. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ ഉടൻ നടപടികൾ സ്വീകരിക്കണമെന്നാണ് മരണപ്പെട്ട റിജാസിന്റെ കുടുംബം ആവശ്യപ്പെടുന്നത്.
വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് കേടായതിനെ തുടർന്ന് മഴ നനയാതിരിക്കാൻ സ്വകാര്യ കെട്ടിടത്തിന്റെ വരാന്തയിലേക്ക് കയറി നിന്നപ്പോഴാണ് കെട്ടിടത്തിന്റെ തൂണിൽ നിന്നും ഷോക്കേറ്റ് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശി മുഹമ്മദ് റിജാസ് മരിച്ചത്. കഴിഞ്ഞ മെയ് 20നായിരുന്നു സംഭവം. തൂണിലൂടെ വൈദ്യുതി പ്രവഹിക്കുന്നത് അധികൃതരെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് കടയുടമ ആരോപിച്ചിരുന്നു.
റിപ്പോർട്ടിൽ പറയുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുടുംബത്തിന് അർഹമായ ധന സഹായം നൽകണമെന്നും കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകണമെന്നുമാണ് റിജാസിന്റെ കുടുംബത്തിന്റെ ആവശ്യം. കുടുംബത്തിന്റെ ആവശ്യങ്ങളിൽ നടപടി ഉണ്ടായില്ലെങ്കിൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം നടത്തുമെന്നും കുടുംബം അറിയിച്ചു.

