ഹൈദരാബാദ്: വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ഭീഷണി. ഭീഷണി ലഭിച്ചത് അധികൃതർ ഉൾപ്പെടെ എല്ലാവരെയും പരിഭ്രാന്തിയിലാഴ്ത്തി. ഹൈദരാബാദില്‍ നിന്ന് ദുബൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ഹൈജാക്ക് ചെയ്യുമെന്നാണ് ഇ-മെയില്‍ സന്ദേശം ലഭിച്ചത്.ഇതോടെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ അധികൃതര്‍ ആശങ്കയിലായി. എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് കണ്ട്രോള് സെന്ററിനാണ് ഇ മെയില്‍ സന്ദേശം ലഭിച്ചത്. ഹൈദരാബാദ്-ദുബൈ വിമാനത്തിലെ ഒരു യാത്രക്കാരന് വിമാനം ഹൈജാക്ക് ചെയ്യാന്‍ പദ്ധതിയിടുന്നെന്നായിരുന്നു സന്ദേശം. ഉടന്‍ തന്നെ പൊലീസും എയര്‍പോര്‍ട്ട് അധികൃതരും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി കൊണ്ട് സംഭവത്തില്‍ അന്വേഷണം നടത്തി. എയര്‍പോര്‍ട്ട് അധികൃതര്‍ നടത്തിയ വിശദ പരിശോധനയില്‍ ഭീഷണി അടിസ്ഥാനരഹിതമാണെന്നും വ്യാജ സന്ദേശമാണ് ലഭിച്ചതെന്നും വ്യക്തമായി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യാജ ഇ-മെയില്‍ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണ്.