ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉടന്‍ രാജി വയ്ക്കും.ഉച്ചയ്ക്ക് അദ്ദേഹം ഗവര്‍ണറെ കാണും. ഇന്ന് ചേര്‍ന്ന ജെഡിയു എംഎല്‍എമാരുടേയും എംപിമാരുടേയും യോഗത്തില്‍ സഖ്യം പിരിയാന്‍ തീരുമാനം എടുത്തതായാണ് വിവരം.ബിഹാറിലെ എന്‍ഡിഎ സഖ്യത്തിലെ ഉലച്ചിലിന്റെ ഭാഗമായാണ് നിതീഷ് കുമാര്‍ രാജി വയ്ക്കുന്നത്.
രാഷ്ട്രീയ ജനതാദള്‍ (ആർജെഡി) അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ പട്‌നയിലെ വസതിയിൽ ആർജെഡി എംഎൽഎമാരും നേതാക്കളും യോഗം ചേരുന്നുണ്ട്. ഇരുയോഗങ്ങളിലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ആർജെഡിയും കോൺഗ്രസും തമ്മിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം യോഗം ചേരുന്നുണ്ട്. നിതീഷ് കുമാർ ബിജെപി വിട്ടാൽ സഖ്യത്തിന് തയാറാണെന്ന് ആർജെഡിയും കോൺഗ്രസും സൂചിപ്പിച്ചു. ഹിന്ദുസ്ഥാൻ അവാം മോർച്ചയും സിപിഐഎംഎല്ലും നിതീഷ് കുമാറിന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. തേജസ്വി യാദവ് സ്വീകരിക്കുന്ന നിലപാടിനൊപ്പം നില്‍ക്കുമെന്ന് ആര്‍ജെഡി എംഎല്‍എമാരും അറിയിച്ചു. ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെങ്കില്‍ നിതീഷുമായി സഹകരിക്കുന്ന കാര്യം പരിഗണിക്കാമെന്ന് കഴിഞ്ഞ ദിവസം മഹാസഖ്യം നേതാക്കള്‍ അറിയിച്ചിരുന്നു.
ഇതിനിടെ ബിജെപി നേതാക്കളും ഗവര്‍ണറെ കാണുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നിതീഷ് രാജിവെക്കുന്നതിന് മുമ്പായി ബിജെപി മന്ത്രിമാര്‍ രാജിവെക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. ഉച്ചയ്ക്ക് 1.30-ന് ബിജെപി നേതാക്കള്‍ വാര്‍ത്താസമ്മേളനം വിളിക്കുകയും ചെയ്തിട്ടുണ്ട്.

