15 ലക്ഷത്തിനടുത്ത് സബ്ക്രൈബേഴ്സുള്ള മലയാള പ്രമുഖ യൂട്യൂബ് ചാനലായ ഇ ബുൾ ജെറ്റിന്റെ കാരവൻ സംസ്ഥാന മോട്ടോർ വാഹന വിഭാഗം പിടിച്ചെടുത്തിന് പിന്നാലെ ഇ ബുൾ ജെറ്റ് സഹോദരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ സ്വദേശികളായ എബിൻ, ലിബിൻ എന്നിവരെയാണ് കളക്ടറേറ്റിലെ ആർടിഒ ഓഫീസിൽ സംഘർഷമുണ്ടാക്കിയെന്ന പരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. . യാത്ര, വാൻലൈഫ് വിഡിയോകളുമായി ശ്രദ്ധ നേടിയ എബിൻ, ലിബിൻ സഹോദരങ്ങളാണ് ഇ ബുൾ ജെറ്റ് യൂട്യൂബ് ചാനലിന് പിന്നിൽ. നെപ്പോളിയൻ എന്ന് ഇവർ പേരിട്ടിരിക്കുന്ന ഫോഴ്സ് കാരവൻ ആണ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തത്. വാൻ ആർടിഒ കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞ് ഇ ബുൾ ജെറ്റിന്‍റെ ആരാധകരായ നിരവധിയാളുകൾ ആർടിഒ ഓഫീസിലേക്ക് എത്തിയിരുന്നു. ഇതിനിടെ ഉദ്യോഗസ്ഥരും വ്ളോഗർമാരും തമ്മിൽ വാക്ക് തർക്കം ആരംഭിക്കുകയായിരുന്നു.
വാഹനത്തിൽ വരുത്തിയിരിക്കുന്ന അനധികൃത രൂപ മാറ്റങ്ങൾക്ക് പിഴയായി 6400 രൂപയും മറ്റുള്ള വകുപ്പുകൾ ചേർത്ത് 42,000 രൂപയോളം പിഴയും മോട്ടോർ വാഹന വിഭാഗം ചുമത്തിയിട്ടുണ്ട് എന്നാണ് വിവരം. അടുത്തിടെയാണ് എറണാകുളത്തെ ഒരു സ്ഥാപനത്തിൽ വ്ലോഗ്ഗർമാർ വാൻ പൂർണമായി സ്റ്റിക്കർ റാപ് ചെയ്തത്. ഒപ്പം നിരവധി ലൈറ്റുകളും വാഹനത്തിൽ ഘടിപ്പിച്ചിട്ടുണ്ട്.
ഇത്തരത്തിൽ അനധികൃതമായി ചേർക്കുന്ന ലൈറ്റുകൾ എതിരെ വരുന്ന വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും എന്ന നിയമം അനുസരിച്ചാണ് കണ്ണൂർ മോട്ടോർ വാഹന വിഭാഗം വാഹനം പിടിച്ചെടുത്തിരിക്കുന്നത്. ശനിയാഴ്ച മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത വാഹന നികുതി സംബന്ധിച്ച വിശദീകരണം കിട്ടിയ ശേഷം അന്നുതന്നെ വിട്ടു നൽകി എന്ന് സഹോദരങ്ങൾ കഴിഞ്ഞ ദിവസം വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വാഹനം ആർടിഓ പിടിച്ചെടുത്തെന്നും തിങ്കളാഴ്ച ഓഫീസിൽ ഹാജരാകാനാണ് നിർദേശം എന്നും വിഡിയോയിൽ വ്യക്തമാക്കിയിരുന്നു.ഇതനുസരിച്ച് ഇന്ന് കണ്ണൂർ ആർടിഓ ഓഫീസിലെത്തിയ എബിനും ലിബിനും ഉദ്യോഗസ്ഥരും തമ്മിൽ വാക്ക് തർക്കമായി. ആർടിഓ ഓഫീസിൽ നിന്നും വൈകാരിയകമായി ലൈവ് വീഡിയോ ചെയ്തതോടെ ആർടിഓ ഉദ്യോഗസ്ഥർ പോലീസിനെ വിളിച്ചു. കണ്ണൂർ ടൗൺ പൊലീസ് സ്ഥലത്ത് എത്തി ഇരുവരേയും മാറ്റി.