ട്വിറ്റര്‍ വാങ്ങാനുള്ള പദ്ധതി ഉപേക്ഷിച്ചെന്ന് വ്യക്തമാക്കി ശതകോടീശ്വരനും ടെസ്‌ല സി.ഇ.ഒയുമായ ഇലോണ്‍ മസ്‌ക്. വില്‍പന കരാറിലെ വ്യവസ്ഥകള്‍ ട്വിറ്റര്‍ പാലിച്ചില്ലെന്നും ആവശ്യപ്പെട്ട രേഖകള്‍ നല്‍കിയില്ലെന്നും ആരോപിച്ചാണ് പിന്മാറ്റമെന്ന് മസ്‌ക് അറിയിച്ചു.വാങ്ങുന്നതിനുള്ള 44 ബില്യൺ ഡോളറിന്റെ കരാർ അവസാനിപ്പിക്കുകയാണെന്ന് ടെസ്‌ല യുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ലോകത്തിലെ ഏറ്റവും ധനികനുമായ ഇലോൺ മസ്‌ക് വെള്ളിയാഴ്ചയാണ് പറഞ്ഞത്. ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള കരാറില്‍ നിന്നും പിന്‍മാറിയതിന് പിന്നാലെ മസ്കിനെതിരെ കേസ് നല്‍കും എന്നാണ് ട്വിറ്റര്‍ അറിയിക്കുന്നത്.
ഈ വർഷം ഏപ്രിലിൽ ആയിരുന്നു ട്വിറ്റർ ഏറ്റെടുക്കുമെന്ന് മസ്ക് പ്രഖ്യാപിച്ചത്. അതേസമയം സ്പാം അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയില്ലെങ്കിൽ ട്വിറ്റർ ഏറ്റെടുക്കൽ നീക്കത്തിൽ നിന്ന് പിന്മാറുമെന്ന് മസ്‌ക് നിരവധി തവണ കത്തുകളിലൂടെ കമ്പനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി അഭിഭാഷകൻ അറിയിച്ചു. മസ്‌കിന്റെ ആവശ്യങ്ങളെ ട്വിറ്റർ ബഹുമാനിച്ചില്ലെന്നും കരാർ പാലിക്കാത്തതിന് കമ്പനി പറഞ്ഞ ന്യായങ്ങൾ നീതീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ ടെസ്റ്റിങ് രീതികളെക്കുറിച്ചുള്ള വിവരങ്ങൾ മാത്രം മസ്കിന് കൈമാറാം എന്നായിരുന്നു ട്വിറ്റർ മറുപടി നൽകിയതെന്നാണ് മൈക്ക് റിംഗ്ലർ പറയുന്നത്. ലോകം ഉറ്റു നോക്കിയിരുന്ന കരാറുകളില്‍ ഒന്നായിരുന്നു ഇലോണ്‍ മസ്‌ക് ട്വിറ്ററിനെ ഏറ്റെടുക്കുന്നു എന്നത്. ഏപ്രില്‍ മാസം മുതല്‍ തന്നെ ഇലോണ്‍ മസ്‌കും ട്വിറ്റര്‍ കരാറും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഇടപാടുകളിലൊന്നായിട്ടായിരുന്നു ഇത് കണക്കാക്കിയിരുന്നത്. 4,400 കോടി ഡോളറിന് ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നതോടെ ട്വിറ്ററിലെ നിക്ഷേപകര്‍ക്കെല്ലാം ഓഹരിയൊന്നിന് 54.2 ഡോളര്‍ വീതം ലഭിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.
എന്നാല്‍ ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിഷയമാണ് ഇപ്പോള്‍ ട്വിറ്റര്‍ വാങ്ങുന്ന തീരുമാനത്തില്‍നിന്ന് ഇലോണ്‍ മസ്‌കിനെ പിന്തിരിപ്പിച്ചിരിക്കുന്നത്. ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുടെ കണക്ക് എത്രയാണെന്ന് മേയ് ഒമ്പതിന് ഇലോണ്‍ മസ്‌ക് ട്വിറ്ററിനോട് ചോദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ ഉത്തരം ലഭിച്ചില്ലെന്നും ലയന കരാറില്‍നിന്ന് പിന്മാറുകയുമാണെന്നാണ് ഇലോണ്‍ മസ്‌ക് അഭിഭാഷകന്‍ മുഖേന അയച്ച മെയിലില്‍ വ്യക്തമാക്കുന്നത്.