അമര്‍നാഥില്‍ വെള്ളിയാഴ്ചയുണ്ടായ മേഘവിസ്ഥോടന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. ഇതില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടും. കാണാതായ 40ഓളം പേര്‍ക്കുള്ള തിരച്ചില്‍ തുടരുന്നു.
48 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. അമര്‍നാത് ഗുഹയ്ക്ക് താഴെയുള്ള പ്രദേശത്താണ് ദുരന്തമുണ്ടായത്.
കനത്ത മഴയില്‍ പ്രദേശമാകെ വെള്ളത്തിനടിയിലായി. പൊടുന്നനെയുള്ള വെള്ളപ്പൊക്കത്തില്‍ ടെന്റുകളും യാത്രികര്‍ക്ക് ഭക്ഷണം തയ്യാറാക്കുന്ന സാമുദായിക കിച്ചന്‍ ആയി പ്രവര്‍ത്തിക്കുന്ന ടെന്റുകളും ഒലിച്ചുപോയി. താല്‍ക്കാലികമായി അമര്‍നാഥ് തീര്‍ത്ഥയാത്ര നിര്‍ത്തിവെച്ചിട്ടുണ്ട്.
മേഘവിസ്‌ഫോടനത്തില്‍ മൂന്ന് ഭക്ഷണശാലകളും 25 ടെന്റുകളും പ്രളയത്തില്‍ തകര്‍ന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. അപകടത്തെ കുറിച്ച് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ലെഫ്റ്റനന്റ് ഗവര്‍ണറില്‍ നിന്ന് വിവരങ്ങള്‍ തേടി. സാധ്യമായ എല്ലാ സജ്ജീകരണങ്ങളും രക്ഷാപ്രവര്‍ത്തനത്തിനായി ഒരുക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ച പ്രധാനമന്ത്രി എല്ലാ സഹായവും വാഗ്ദാനം ചെയ്തു. രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണെന്നും ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും നരേന്ദ്രമോദി ട്വിറ്ററിലൂടെ അറിയിച്ചു.
കരസേനയുടെ പത്തോളം സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു. വ്യോമസേനയും രംഗത്തുന്നുണ്ട്. എന്‍ഡിആര്‍എഫ്, എസ് ഡിആര്‍എഫ്, ബിഎസ് എഫ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിട്ടുണ്ട്.