ജഹാംഗിര്‍പുരിക്ക് പിന്നാലെ ഷഹീന്‍ബാഗിലും ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് കുടിയൊഴുപ്പിക്കാനുള്ള നീക്കവുമായി ഡല്‍ഹി കോര്‍പ്പറേഷന്‍. പൗരത്വ നിയമത്തിനെതിരായ സമരത്തിന്റെ കേന്ദ്രമായിരുന്ന ഷഹീന്‍ബാഗിലെ കെട്ടിടങ്ങള്‍ പൊളിക്കാന്‍ വന്‍ സന്നാഹവുമായി സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ എത്തി. കനത്ത സുരക്ഷാ സന്നാഹവുമായി ഡല്‍ഹി പോലീസും നിലയുറപ്പിച്ചതോടെ ബുള്‍ഡോസറുകള്‍ തടഞ്ഞ് പ്രദേശവാസികളും ആംആദ്മി കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധിച്ചു.
പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന കൈയേറ്റ നിര്‍മാര്‍ജ്ജന പദ്ധതിയാണ് കോര്‍പ്പറേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. ശനിയാഴ്ച കുടിയൊഴിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും മതിയായ സുരക്ഷ സേനയില്ലാത്തതിനാല്‍ അധികൃതര്‍ പിന്മാറുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ ഡല്‍ഹി പൊലീസ് കൂടുതല്‍ സുരക്ഷാ സേനയെ അയച്ചതോടെയാണ് പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചത്.
പ്രതിഷേധം കനത്തതോടെ നടപടി ഇപ്പോള്‍ തടസപ്പെട്ടിരിക്കുകയാണ്. അനധികൃതമായ കെട്ടിടങ്ങളാണ് പൊളിക്കുന്നതെന്ന നിലപാടാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ ഷഹീന്‍ബാഗിലും ആവര്‍ത്തിക്കുന്നത്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ പകപോക്കുന്നുവെന്നാണ് പ്രദേശവാസികളുടെ ആരോപണം.
തുഗ്ലക്കാബാദ്, സംഗംവിഹാര്‍,ന്യൂ ഫ്രണ്ട് കോളനി, ഷഹീന്‍ബാഗ് തുടങ്ങി എവിടെയാണെങ്കിലും ഞങ്ങള്‍ അനധികൃത കയ്യേറ്റങ്ങള്‍ പൊളിച്ചു നീക്കും. അതിനായുള്ള ജോലിക്കാരും ഉദ്യോഗസ്ഥരും തയാറാണെന്ന് കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പറഞ്ഞതായി എന്‍ഐഎ റിപ്പോര്‍ട്ട് ചെയ്തു.
ആവശ്യമെങ്കില്‍ കൂടുതല്‍ പൊലീസ് സേനയെ വിന്യസിപ്പിച്ച് നിയമം നടപ്പിലാക്കുമെന്നും ഡല്‍ഹിയിലെ ജനങ്ങള്‍ ഇതിനെ പിന്തുണയ്ക്കുമെന്നും മേയര്‍ മുകേഷ് സൂര്യന്‍ എന്‍ഐഎയോട് പറഞ്ഞു.