എന്താണ് യഥാര്‍ത്ഥത്തില്‍ ലിംഗനീതി? ശാരീരിക ഘടനയിലും കായിക ശേഷിയിലും സ്വഭാവത്തിലും വിവിധ കഴിവുകളിലും ഒട്ടേറെ വൈജാത്യങ്ങളുള്ള പുരുഷനും സ്ത്രീക്കുമിടയില്‍ പൂര്‍ണ തോതില്‍ ലിംഗനീതി സാധ്യമല്ലെന്നത് അവിതര്‍ക്കിതമാണ്. എന്നിരുന്നാലും ലിംഗനീതി പരമാവധി സാധ്യമാകുക രാഷ്ട്രീയ, തൊഴില്‍, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലാണ്. എന്നാല്‍ സ്വതന്ത്ര ഇന്ത്യ മൂക്കാല്‍ നൂറ്റാണ്ടോളം പിന്നിട്ടിട്ടും ഇന്നും ലിംഗനീതി വിദൂര സ്വപ്‌നമാണ്.
ലിംഗനീതി സങ്കല്‍പങ്ങളെ കുറിച്ച് തുറന്നെഴുതുകയാണ് ഫറൂഖ് കോളേജ്, ജേര്‍ണലിസം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ഫര്‍ഹ തമന്ന.
ഫര്‍ഹ തമന്നയുടെ കുറിപ്പിന്റെ പൂര്‍ണരൂപം
ആധുനിക സമൂഹവും ലിംഗനീതി സങ്കല്പങ്ങളും
ആധുനികത – സാഹിത്യ, സാംസ്‌കാരിക,രാഷ്ട്രീയ മേഖലകളിലെ നവോദാന-നവീകരണ പുരോഗമന അഭിവൃദ്ധി ശൃംഗല. ഇതാണ് ആധുനികതയെന്ന് പറഞ്ഞു പഠിപ്പിച്ച ക്ലാസ്മുറികള്‍ക്കപ്പുറം, ഇതേ ആധുനികത കെട്ടിപ്പൊക്കാന്‍ AC റൂമിലിരുന്ന് വാദപ്രതിവാദങ്ങള്‍ ഉയര്‍ത്തുന്ന ഭരണാധികാരികള്‍ക്കപ്പുറം, ഇതേ ആധുനികത കൈവരിച്ചവരാണ് ഞങ്ങള്‍ എന്ന് പുലമ്പുന്ന പരിഷ്‌കാരികള്‍ക്കപ്പുറം, നിഷ്‌കപടമായ പരമാര്‍ത്ഥ ആധുനികതയെന്തെന്ന് ചോദിച്ചാല്‍ പ്രത്യുത്തരം ഒന്നുമാത്രം .
ലിംഗ ഇതരതയ്ക്കതീതമായി വിദ്യാഭ്യാസ ,വ്യവസായ, സാമ്പത്തിക മേഖലകളിലെ ഉപാധികളും അവസരങ്ങളും സമമായി പൗരന്മാര്‍ക്ക് ലഭിക്കും ഇടം, ലിംഗനീതി ഉറപ്പാക്കും ഇടം, അത് ആധുനിക സമൂഹം.
അതല്ലാതെ , സ്വത്വബോധ ശിരോവസ്ത്രം വരെ വിദ്യാഭ്യാസത്തിന് പ്രതിബന്ധമാകും യുഗത്തെ, ആണും പെണ്ണും അല്ലാത്ത ദ്വിലിംഗക്കാരെ അറുപ്പിന്‍േറെയും വെറുപ്പിന്‍േറെയും കണ്ണുകളാല്‍ ദഹിപ്പിച്ച് മൃഗങ്ങള്‍ എന്ന മുദ്രകുത്തുന്ന സമുദായത്തെ, നാലാം നൂറ്റാണ്ടിലെ patriarchy എന്ന പുരുഷാധിപത്യത്തെ ഓമനിച്ച് വളര്‍ത്തി സ്വാഭാവികതയെന്ന ചില്ലുകൂട്ടില്‍ സൂക്ഷിക്കുന്ന സംഘത്തെയല്ല നാം ആധുനിക സമൂഹം എന്ന് വിശേഷിപ്പിക്കേണ്ടത്.
ലിംഗനീതി നടപടികള്‍ ആരംഭിക്കേണ്ടത് എങ്ങനെ എന്ന ചോദ്യത്തിന് ഇന്ന് പ്രസക്തിയില്ല. മറിച്ച്, എവിടെനിന്ന് എന്നത് സാങ്കേതിക സാക്ഷരതയുടെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഗൗരവത്തോടെ പരിശോധിക്കേണ്ട ഒരു ചോദ്യമാണ്.
സെയില്‍സ്മാന്‍, ചെയര്‍മാന്‍ , ക്യാമറാമാന്‍ എന്നു പറഞ്ഞു ശീലിച്ച നാവുകളെ സെയില്‍സ്‌പേഴ്‌സണ്‍ ചെയര്‍പേഴ്‌സണ്‍ ക്യാമറപേഴ്‌സണ്‍ എന്ന് പറഞ്ഞു പഠിപ്പിക്കുക. ആണും, പെണ്ണും,ദ്വിലിംഗക്കാരും സമന്മാരായി പഠിക്കും വിധം വിദ്യാലയങ്ങള്‍ ഭദ്രമാക്കുക. ക്ലാസ്മുറികളിലെ ആണ്‍-പെണ്‍ വിശേഷണ പാഠങ്ങളോട് ചേര്‍ത്ത് ദ്വിലിംഗ വിശേഷണങ്ങളും അസ്വാഭാവികതയുടെ ചുരുളഴിച്ചു വെച്ച് പിടിപ്പിക്കുക.
സ്ത്രീകള്‍ക്കെന്നല്ല ഏതു മനുഷ്യനും ഏതുസമയത്തും കരുതലുകളില്ലാതെ തെരുവിന്റെ ഭംഗി ആസ്വദിക്കാന്‍ കഴിയുംവിധം സുരക്ഷിതത്വം ഉറപ്പാക്കുക. വിദ്യാഭ്യാസ ,തൊഴില്‍ അവസരങ്ങളിലെ ലിംഗവിവേചനം തുടച്ചുമാറ്റി തുല്യവേതനം ഉറപ്പാക്കി സാമ്പത്തികഭദ്രത കൈവരിക്കും വിധം ഉദ്യോഗാര്‍ഥികളെ ഉളവാക്കുക. സ്ത്രീ സംരംഭകരുടെ പരിമിതികള്‍ മനസ്സിലാക്കി അവരെ ബലപ്പെടുത്തുക. സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ സൗകര്യമൊരുക്കി സ്ത്രീസൗഹൃദ പൊതു ശൗചാലയങ്ങള്‍ സ്ഥിരീകരിക്കുക. എന്തു പഠിക്കണം!എവിടെ പഠിക്കണം! എന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീകള്‍ക്ക് വിട്ടു നല്‍കുക. സമ്മര്‍ദ്ദ വിവാഹങ്ങള്‍ക്ക് പകരം സന്തുഷ്ട വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുക. സ്ത്രീകളുടെ വസ്ത്രധാരണം പീഡനങ്ങള്‍ക്ക് വഴിയൊരുക്കുന്നു എന്ന പഴമൊഴി ബുദ്ധിചാതുര്യത്തില്‍ നിന്ന് മായ്ച്ചുകളയുക. പുരുഷന്‍ വീടിന്റെ മേലധികാരിയും സ്ത്രീ അടുക്കളയുടെ ആധിപതിയും എന്ന തുരുമ്പിച്ച കവചത്തെ പുതുക്കിപ്പണിയുക. ആണ്ണ് ചൂലെടുക്കുന്നതിലും പെണ്ണ് ബൈക്ക് ഓടിക്കുന്നതിലും അസ്വാഭാവികതയില്ലെന്ന് മനസ്സിനെ അഭ്യസിപ്പിക്കുക.
ഇതിനെല്ലാം ഒടുവില്‍ പക്ഷപാത മുന്‍വിധികള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും അന്ത്യം കുറിക്കും ദിനം, നമ്മള്‍ ആധുനികസമൂഹമായി പരിവര്‍ത്തനം ചെയ്യും. ശ്രമിക്കാം! നമുക്ക് ഒരുമിച്ച് വിഘ്‌നമില്ലാതെ . നിശ്ചയം, നാം ലിംഗനീതി ഭദ്രമാക്കി ആധുനിക സമൂഹമായി പ്രദീപ്തമാകും.