ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവുമായി ഇന്ത്യൻ രൂപ. തിങ്കളാഴ്ച വ്യാപാരം നടന്നത് ഡോളറിനെതിരെ 77.40 നിലവാരത്തിലാണ് അതായത് ഒരു ഡോളർ ലഭിക്കാൻ 77.40 രൂപ നല്‍കേണ്ട സ്ഥിതി.
ചൈനയിലെ ലോക്ക് ഡൗൺ , റഷ്യ – യുക്രൈൻ യുദ്ധം തുടങ്ങിയവയാണ് ഇന്ത്യൻ രൂപയുടെ മൂല്യത്തെ ബാധിച്ചത്. താരതമ്യേന സുരക്ഷിത കറൻസിയായ ഡോളറിലേക്ക് നിക്ഷേപകർ ആകർഷിക്കപ്പെട്ടത് ഡോളര്‍ കരുത്താര്‍ജിക്കാനും രൂപ ദുര്ബലമാകാനുംകാരണമായി. വെള്ളിയാഴ്ച 77.05 നിലവാരത്തിലായിരുന്നു ക്ലോസിങ് എങ്കിലും തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചതോടെ 77.42ലെത്തി.
റഷ്യ- യുക്രയിൻ യുദ്ധത്തെത്തുടർന്ന് വിതരണ ശൃംഖലയിൽ ഉണ്ടായ തടസ്സങ്ങളെ തുടർന്ന് ആഗോള തലത്തില്‍ പണപ്പെരുപ്പ നിരക്കുകള്‍ വര്‍ധിച്ചതും അതിനെതുടര്‍ന്നുള്ള നിരക്കുവര്‍ധനവും സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നയിച്ചേക്കാമെന്ന ഭീതി വിപണിയില്‍ വ്യാപകമായതും തിരിച്ചടിയായി.
ഇതേ സമയം, യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് നിരക്കില്‍ അരശതമാനം വര്‍ധനവരുത്തിയത് തുടര്‍ച്ചയായി അഞ്ചാമത്തെ ആഴ്ചയും ഡോളറിന് കുതിപ്പേകി. നിലവില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് ഡോളര്‍.

