ഓസ്കാർ ചടങ്ങുകളില്‍ പങ്കെടുക്കുന്നിതില്‍ നിന്ന് നടന്‍ വില്‍ സ്മിത്തിനെ പത്ത് വര്‍ഷത്തേയ്ക്ക് വിലക്കി. ഏപ്രിൽ എട്ട് മുതൽ 10 വർഷത്തേക്കാണ് വിലക്ക്. ഇത്തവണത്തെ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ വേദിയിലെത്തിയപ്പോള്‍ ഭാര്യയും നടിയുമായ ജെയ്ഡ സ്മിത്തിനെ പരിഹസിച്ച അവതാരകന്‍ ക്രിസ് റോക്കിനെ മുഖത്തടിച്ചതിനാണ് ഓസ്‌ക്കര്‍ സംഘാടകരായ അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സ് ആന്‍ഡ് സയന്‍സസ് സ്മിത്തിനെതിരേ അച്ചടക്ക നടപടി എടുത്തത്.സ്മിത്ത് നേരത്തെ തന്നെ അക്കാദമിയില്‍ നിന്ന് രാജിവച്ചിരുന്നു. സ്റ്റീവന്‍ സ്പില്‍ബര്‍ഗ്, വൂപ്പി ഗോള്‍ഡ്ബെര്‍ഗ് എന്നിവരടക്കമുള്ള ബോര്‍ഡംഗങ്ങള്‍ പങ്കെടുത്ത പ്രത്യേക യോഗത്തിലാണ് സ്മിത്തിനെതിരേ നടപടി കൈക്കൊള്ളാന്‍ തീരുമാനിച്ചത്.
റോക്ക്സിന്റെയും സ്മിത്തിന്റെയും ഈ പ്രവൃത്തിമൂലം ഇത്തവണത്തെ അക്കാദമി അവാര്‍ഡ്ദാന ചടങ്ങ് പൂര്‍ണമായും നിറംകെട്ടുപോയി. അവാര്‍ഡുകള്‍ക്കും അഭിനേതാക്കളുടെ പ്രകടനത്തിനും പകരം ദൗര്‍ബാഗ്യകരമായ ഈ സംഭവമാണ് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്.
ഓസ്‌ക്കര്‍ അവാര്‍ഡ് നേടാന്‍ അഭിനേതാക്കള്‍ അക്കാദമി അംഗങ്ങള്‍ ആവണമെന്നില്ല. എന്നാല്‍, അക്കാദമി അംഗങ്ങള്‍ക്ക് മാത്രമാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടവകാശമുള്ളൂ.
ഓസ്‍കര്‍ അവാര്‍ഡ്‍ ദാന ചടങ്ങിനെ നാടകീയമാക്കിയ സംഭവമായിരുന്നു മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട വില്‍ സ്‍മിത്തിന്‍റെ വേദിയിലെ അപ്രതീക്ഷിത പെരുമാറ്റം. ഭാര്യ ജെയ്‍ഡ പിന്‍കറ്റിന്‍റെ രോഗാവസ്ഥയെ സൂചിപ്പിച്ച് അവതാരകനായ ക്രിസ് റോക്ക് പറഞ്ഞ തമാശയില്‍ നിയന്ത്രണം നഷ്‍ടപ്പെട്ട സ്‍മിത്ത് വേദിയിലേക്ക് കയറിച്ചെന്ന് അദ്ദേഹത്തിന്‍റെ മുഖത്തടിക്കുകയായിരുന്നു. ഒരു നിമിഷം സ്‍തബ്ധനായ ക്രിസ് മനസാന്നിധ്യം വീണ്ടെടുത്ത് പരിപാടി തുടരുകയായിരുന്നു.
ഈ സംഭവത്തിനു ശേഷമായിരുന്നു വില്‍ സ്‍മിത്തിനെ മികച്ച നടനായി തെരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനം വന്നത്. പുരസ്‍കാരം സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ തന്നെ തന്‍റെ പെരുമാറ്റത്തിന് സ്മിത്ത് മാപ്പ് ചോദിച്ചിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഒരു വിശദമായ കുറിപ്പും അദ്ദേഹം പങ്കുവച്ചിരുന്നു.