ഓണ്‍ലൈനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കല്‍ – പരിശീലന പരിപാടി ഇന്ന്
തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് നോമിനേഷന്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഇത് സംബന്ധിച്ചും ഇ പെര്‍മിഷന്‍, ഇ അഫിഡവിറ്റ് എന്നിവ സംബന്ധിച്ചുമുള്ള പരിശീലന പരിപാടി ഇന്ന് (മാര്‍ച്ച് 10) 2.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. അതത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഐ.ടി പരിജ്ഞാനമുള്ള പരമാവധി മൂന്ന് പ്രതിനിധികളെ പങ്കെടുപ്പിക്കാം. പ്രതിനിധികള്‍ പരിശീലന പരിപാടിക്ക് പാര്‍ട്ടിയുടെ ജില്ലാ ഭാരവാഹിയുടെ സാക്ഷ്യപത്രം സഹിതമാണ് ഹാജരാകേണ്ടതെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ്: അസംബ്ലി ലെവല്‍ മാസ്റ്റര്‍ ട്രെയിനി പരിശീലനം
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി അസംബ്ലി ലെവല്‍ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനം നടത്തി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ സാംബശിവറാവു ഉദ്ഘാടനം ചെയ്തു.85 ഉദ്യോഗസ്ഥരാണ് പരിശീലനം നേടിയത്. ഇ.വി.എം ആന്‍ഡ് വിവിപാറ്റ് ബോധവല്‍ക്കരണം, ഇലക്ഷന്‍ ദിവസത്തെ തയ്യാറെടുപ്പുകള്‍, വിവിധ ഇലക്ഷന്‍ ആപ്പുകളുടെ പ്രവര്‍ത്തനം എന്നിവയെ കുറിച്ചാണ് ക്ലാസുകള്‍ നടത്തിയത്. അസിസ്റ്റന്റ് കലക്ടര്‍ ശ്രീധന്യ സുരേഷ്, അസിസ്റ്റന്റ് നോഡല്‍ ഓഫിസര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എല്‍.എ കെ ഷറീന, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
റെയില്‍വേ ചൈല്‍ഡ് ലൈനിലേക്ക് അപേക്ഷിക്കാം
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍വേ ചൈല്‍ഡ് ഹെല്‍പ് ഡെസ്‌കില്‍ ടീം മെംബര്‍ (ആണ്‍), വളണ്ടിയര്‍ (പെണ്‍ ) എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സോഷ്യല്‍ വര്‍ക്കിലോ സോഷ്യോളജിയിലോ ബിരുദാനന്തര ബിരുദം. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 15 ന് വൈകീട്ട് അഞ്ചിനകം railwaychildlinecalicut@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ബയോഡാറ്റ അയക്കണം. വിവരങ്ങള്‍ക്ക്: 9207921098.
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് താലൂക്കിന് കീഴിലെ 026 – എലത്തൂര്‍, 027 – കോഴിക്കോട് നോര്‍ത്ത്, 028 – കോഴിക്കോട് സൗത്ത്, 029 – ബേപ്പൂര്‍, 030 – കുന്ദമംഗലം നിയോജകമണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ Distinguish Mark മാര്‍ക്ക് സീലുകള്‍ ഉള്‍പ്പെടെ നിര്‍മിച്ചു നല്‍കുന്നതിന് പരിചയ സമ്പന്നരായ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ സ്വീകരിക്കുന്നു.
ക്വട്ടേഷന്‍ മാര്‍ച്ച് 15 ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് താലൂക്ക് ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ മുമ്പാകെ സമര്‍പ്പിക്കണം. ക്വട്ടേഷന്‍ കവറിന് പുറത്ത് KLA-2021: QUOTATION FOR EVM-VVPAT STRONG ROOM എന്ന്് രേഖപ്പെടുത്തണം. മാര്‍ച്ച് 16 ന് വൈകീട്ട് മൂന്ന് മണിക്ക് തുറന്ന് പരിശോധിക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്കില്‍ സമര്‍പ്പിച്ച ക്വട്ടേഷന്‍ അംഗീകരിച്ച് ഉത്തരവാകുന്നതുമാണ്.
സ്‌വീപ്പ് ലോഗോ മല്‍സര വിജയിയെ തിരഞ്ഞെടുത്തു
തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്‌വീപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ ലോഗോ മത്സരത്തില്‍ പി സുനില്‍ കുമാറിന്റെ ലോഗോ തിരഞ്ഞെടുത്തു. സമ്മാന തുകയായ 5000 രൂപ ജില്ലാ കലക്ടര്‍ കലക്ടറേറ്റില്‍ വച്ച് നല്‍കും. തിയതി പിന്നീട് അറിയിക്കും. 45 എന്‍ട്രികളാണ് മത്സരത്തിലേക്ക് ലഭിച്ചത്.
കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസ മത്സരം:
എം. ഫാത്തിമ ബിന്‍സിയയ്ക്ക് ഒന്നാം സ്ഥാനം
‘സുസ്ഥിര വികസനത്തില്‍ പ്രാദേശിക സര്‍ക്കാറുകളുടെ പങ്ക്’ എന്ന വിഷയത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഉപന്യാസ രചനാ മത്സരത്തില്‍ എം. ഫാത്തിമ ബിന്‍സിയ (ഫാറൂഖ് കോളജ്) ഒന്നാംസ്ഥാനം നേടി. വി. എസ്. അലീന പ്രജ (മലബാര്‍ ക്രിസ്ത്യന്‍ കോളജ്) രണ്ടാംസ്ഥാനവും പി. ഇഷ (ഗുരുവായൂരപ്പന്‍ കോളജ്) മൂന്നാംസ്ഥാനവും നേടി. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് 2500 രൂപ, 1500 രൂപ, 750 രൂപ എന്നിങ്ങനെ സമ്മാനം നല്‍കും