പാര്‍ലമെന്റില്‍ പ്രധാനമന്ത്രി തെലങ്കാന വിരുദ്ധ പരാമര്‍ശം നടത്തിയെന്ന ആരോപണം ശക്തമാകുന്നതിനിടെ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി മോദി തെലങ്കാനയിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന ആവശ്യമുന്നയിച്ചു .ടി ആര്‍ എസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ ടി രാമറാവു പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങളെ ശക്തമായി അപലപിച്ചു. തെലങ്കാനയിലെ ജനങ്ങളുടെ ത്യാഗോജ്വലമായ സമരത്തെയാണ് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ അധിക്ഷേപിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കരിങ്കൊടികള്‍ ഉയര്‍ത്തിയും കോലം കത്തിച്ചും ഉള്‍പ്പെടെ ബി ജെ പിക്കും പ്രധാനമന്ത്രിക്കുമെതിരെ പ്രതിഷധിക്കാന്‍ ടി ആര്‍ എസ് തയാറെടുക്കുകയാണെന്നാണ് പുതിയ വിവരം.
കഴിഞ്ഞ ദിവസങ്ങളില്‍ ലോക്‌സഭയിലും രാജ്യസഭയിലും പല ചരിത്ര സംഭവങ്ങളും സൂചിപ്പിച്ച് കോണ്‍ഗ്രസിനെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളാണ് പ്രധാനമന്ത്രി ഉന്നയിച്ചത്.
അതിനിടെ 2014ല്‍ ആന്ധ്രാപ്രദേശ് വിഭജിച്ചത് ചൂണ്ടിക്കാട്ടി നരേന്ദ്രമോദി കോണ്‍ഗ്രസിനെ കടന്നാക്രമിച്ചതാണ് വിവാദമായത്. തങ്ങളെ ഭരിക്കാനായി തെരഞ്ഞെടുത്ത കോണ്‍ഗ്രസ് സര്‍ക്കാര്‍ ആന്ധ്രയിലെ ജനതയോട് എന്താണ് ചെയ്തതെന്ന് മോദി ചോദിക്കുകയായിരുന്നു. ആന്ധ്ര വിഭജന സമയത്ത് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കാനും കുരുമുളക് സ്‌പ്രേകള്‍ പ്രയോഗിക്കപ്പെടാനും സംസ്ഥാനത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും കോണ്‍ഗ്രസ് അവസരമൊരുക്കി എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.
ഇന്നലെ മുതല്‍ ഇതിനെതിരെ തെലങ്കാനയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധത്തിലായിരുന്നു. ആന്ധ്രാപ്രദേശ് വിഭജനത്തെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത് ബി ജെ പിക്കെതിരെ കോണ്‍ഗ്രസും രാഷ്ട്രീയ ആയുധമാക്കിയിട്ടുണ്ട്. തെലങ്കാനയിലെ ജനങ്ങളോട് പ്രധാനമന്ത്രി പരസ്യമായി മാപ്പ് പറയുന്നതില്‍ കുറഞ്ഞ ഒരു അനുനയനീക്കവും അംഗീകരിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് തെലങ്കാന രാഷ്ട്ര സമിതി.