യു.എസിലെ കാപിറ്റല്‍ ഹില്‍ ആക്രമണത്തില്‍ ഇന്ത്യന്‍ ദേശീയ പതാകയുമായി പങ്കെടുത്ത അമേരിക്കന്‍ മലയാളി വിന്‍സന്റ് സേവ്യര്‍ പാലത്തിങ്കലിനെതിരെ പരാതി. ദേശീയ പതാകയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി രണ്ട് അഭിഭാഷകര്‍ ഡല്‍ഹി കല്‍ക്കാജി പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. പ്രാഥമിക അന്വേഷണം നടത്തിയും ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ചും കേസ് രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് പൊലീസ് ദേശീയ മാധ്യമങ്ങളെ അറിയിച്ചു.
ഡോണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് തോല്‍വി അംഗീകരിക്കാന്‍ വിസമ്മതിച്ച അനുയായികളാണ് അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ കാപിറ്റല്‍ ഹില്‍ ബില്‍ഡിങ്ങിലേക്ക് അതിക്രമിച്ച് കയറിയത്. അതിക്രമിച്ച് കയറിയവരുടെ കൂട്ടത്തില്‍ ഇന്ത്യന്‍ ദേശീയ പതാകയുമായി വിന്‍സന്റ് സേവ്യറും ഉണ്ടായിരുന്നു.
ദേശീയപതാകയുമായി പങ്കെടുത്തത് താനാണെന്ന് ഫേസ്ബുക്കിലും ട്വിറ്ററിലും ഷെയര്‍ ചെയ്ത വീഡിയോകളിലൂടെ വിന്‍സന്റ് തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍, വംശീയവാദികളാണ് പ്രതിഷേധത്തിനു പിന്നിലെന്ന പ്രചാരണത്തിന്റെ മുനയൊടിക്കാനാണ് ഇന്ത്യന്‍ പതാകയുമായി പോയതെന്നാണ് വിന്‍സന്റിന്റെ വാദം.
ദേശീയ പതാക ദുരുപയോഗം ചെയ്ത സംഭവത്തില്‍ ഇന്ത്യയില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. വരുണ്‍ ഗാന്ധി എം.പി അടക്കമുള്ളവര്‍ ട്വീറ്റിലൂടെ ശക്തമായി പ്രതികരിച്ചിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം ഒരു മണിയോടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കുന്നതിനായി സമ്മേളിച്ച ഇരുസഭകളുടെയും സംയുക്ത യോഗത്തിലേക്കാണ് ആയിരക്കണക്കിന് സായുധ അക്രമികള്‍ സുരക്ഷാസംഘത്തെ മറികടന്ന് പാര്‍ലമെന്റിന്റെ വാതിലുകള്‍ തകര്‍ത്ത് ഇരച്ചു കയറിയത്.
അക്രമികള്‍ കടന്നുകയറിയതോടെ യോഗം നിര്‍ത്തിവെച്ച് അംഗങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സ്പീക്കറുടെ ചേംബറിലുള്‍പ്പെടെ കയറിപ്പറ്റിയ അനുയായികള്‍ ട്രംപിന്റെ വിജയം ഘോഷിച്ച് മുദ്രാവാക്യങ്ങളുയര്‍ത്തി. നാലു മണിക്കൂറോളം പണിപ്പെട്ടാണ് പൊലീസിന് അക്രമികളെ മന്ദിരത്തിനുള്ളില്‍ നിന്ന് ഒഴിപ്പിക്കാനായത്.
സംഭവത്തിലും പിന്നീടുണ്ടായ അക്രമ സംഭവങ്ങളിലുമായി രണ്ട് സ്ത്രീകളടക്കം അഞ്ചു പേര്‍ മരിച്ചിരുന്നു. ഒരു സ്ത്രീ പൊലീസ് വെടിവെപ്പിലും മൂന്നുപേര്‍ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നും പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊലീസുകാരനുമാണ് മരിച്ചത്.