ഡമസ്‌കസ്: സിറിയയില്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ യുഗം അവസാനിച്ചുവെന്ന് വിമതര്‍. സിറിയ സ്വതന്ത്രരാജ്യമായെന്നും വിമതര്‍ പ്രഖ്യാപിച്ചു. സിറിയയുടെ ചരിത്രത്തില്‍ പുതിയ യുഗത്തിനാണ് തുടക്കം കുറിക്കുന്നതെന്നും വിമതര്‍ അറിയിച്ചു.
കഴിഞ്ഞ 50 വര്‍ഷമായി സിറിയ ബാത്തിസ്റ്റ് ഭരണത്തിന്റെ അടിച്ചമര്‍ത്തലിലായിരുന്നു. 13 വര്‍ഷത്തെ കുറ്റകൃത്യം, സ്വേച്ഛാധിപത്യം, കുടിയൊഴുപ്പിക്കല്‍ എന്നിവയെല്ലാം അതിജീവിച്ച് ഒരു നീണ്ട പോരാട്ടത്തിന് ശേഷം അധിനിവേശ ശക്തികളെയും നേരിട്ട് സിറിയ ഇരുണ്ട യുഗം അവസാനിപ്പിച്ച് പുതുയുഗത്തിലേക്ക് പ്രവേശിക്കുകയാണെന്നും വിമതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പുതിയ സിറിയ പരസ്പര സഹകരണത്തോടെയായിരിക്കും പ്രവര്‍ത്തിക്കുക. ഇവിടെ നീതി നടപ്പാവുകയും സിറയക്കാരുടെ ആത്മാഭിമാനം സംരക്ഷിക്കപ്പെടുകയും ചെയ്യും. മുമ്പുണ്ടായിരുന്ന കറുത്ത ഏടിനെ മാറ്റി പുതിയൊരു യുഗത്തിനാണ് തുടക്കം കുറിക്കുന്നതെന്നും പ്രതിപക്ഷം വ്യക്തമാക്കി.