ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം സ്വന്തമാക്കി ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ.ധർമേന്ദ്രസിങ് ജഡേജ (ഹകുഭ) കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ച വിജയിച്ച സീറ്റിൽ ബിജെപി ഇത്തവണ റിവാബ ജഡേജയെ മത്സരിപ്പിക്കുകയായിരുന്നു. 2017ൽ 53 ശതമാനം വോട്ട് വിഹിതം നേടിയ മണ്ഡലത്തിലാണ് ഇത്തവണ അതിലും മികച്ച വിജയം റിവാബയിലൂടെ ബിജെപി നേടിയത്.തിരഞ്ഞെടുപ്പ് വിജയം ഗുജറാത്ത് മോഡലിൽ ജനങ്ങൾ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിന്റെ തെളിവെന്ന് റിവാബ ജഡേജ പറഞ്ഞു. തന്നെ സ്ഥാനാര്‍ത്ഥിയായി സ്വീകരിച്ചവര്‍ക്കും, തനിക്കായി പണിയെടുത്തവര്‍ക്കും, തന്നെ ജനങ്ങളുമായി പരിചയപ്പെടുത്തിയവര്‍ക്കും എല്ലാം അവകാശപ്പെട്ടതാണ് ഈ വിജയം എന്നും റിവാബ വിജയം ഉറപ്പിച്ച ശേഷം പ്രതികരിച്ചു. ആം ആദ്മിയെയും കോൺഗ്രസിനെയും വീഴ്ത്തിയാണ് ബിജെപി സ്ഥാനാർഥിയായ റിവാബ ജയിച്ചുകയറിയത്. 42000ൽ ഏറെ വോട്ടുകളുടെ ലീഡിലാണ് റിവാബയുടെ തിളക്കമാർന്ന ജയം. അറുപത് ശതമാനത്തിലേറെ വോട്ടാണ് കന്നി പോരാട്ടത്തിൽ റിവാബ നേടിയത്.