ഓൺലൈൻ റമ്മി ഉൾപ്പെടെയുള്ള ഗെയിമുകൾ നിരോധിച്ച് തമിഴ് നാട്.ഈ മാസം 26ന് തമിഴ്നാട് സർക്കാർ പാസാക്കിയ ഓർഡിനൻസിൽ ഗവർണർ ആർ.എൻ.രവി ഒപ്പിട്ടതോടെയാണ് ഓൺലൈൻ ചൂതാട്ട നിയമം നിലവിൽ വന്നത്.ഓൺലൈൻ ഗെയിമുകൾ കളിച്ച് കടുത്ത സാമ്പത്തിക നഷ്ടമുണ്ടായി ആത്മഹത്യകൾ വർധിച്ചതോടെ ഇത്തരം ഗെയിമുകൾ നിരോധിക്കാനാവശ്യമായ നിയമത്തിന്റെ ചട്ടക്കൂട് തയാറാക്കാനായി റിട്ട. ഹൈക്കോടതി ജസ്റ്റിസ് കെ.ചന്ദ്രുവിന്റെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചിരുന്നു.ഓൺലൈൻ ചൂതാട്ടത്തെ നിയന്ത്രിക്കാൻ അണ്ണാ ഡിഎംകെ സർക്കാർ നടപ്പാക്കിയ തമിഴ്നാട് ഗെയിമിംഗ് ആൻഡ് പൊലീസ് ലോസ് നിയമഭേദഗതി മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് മറികടക്കുന്നതാണ് പുതിയ നിയമം.
ഓൺലൈൻ ചൂതാട്ടങ്ങളിൽ പണം നഷ്ടമായി വിദ്യാർത്ഥികളും ചെറുപ്പക്കാരുമടക്കം നിരവധി പേർ തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്തിരുന്നു.വിവിധ വിഭാഗം ജനങ്ങളുടെ അഭിപ്രായം ആഭ്യന്തര സെക്രട്ടറിയും സർക്കാരിന് റിപ്പോർട്ടായി നൽകി. ഇതുകൂടി പരിഗണിച്ചാണ് ഓർഡിനൻസ് തയ്യാറാക്കിയത്. ഓർഡിനൻസ് നിയമം ആയതോടെ ചൂതാട്ട സ്വഭാവമുള്ള എല്ലാ തരം ഓൺലൈൻ കളികളും തമിഴ്നാട്ടിൽ നിരോധിച്ചു. നിയമം ലംഘിച്ചാൽ ചൂതാട്ടം നടത്തുന്നവർക്കും കളിക്കുന്നവർക്കും മൂന്ന് വർഷം വരെ തടവ്ശിക്ഷ നൽകാം.

