മദ്യത്തിനൊപ്പം വിഷപ്പാമ്പിനെ ചുട്ടുകഴിച്ച യുവാക്കൾ ആശുപത്രിയിൽ. ശംഖുവരയൻ പാമ്പിനെയാണ് ഗുഡ്ഡു ആനന്ദ്, രാജു ജാങ്ഡെ എന്നീ യുവാക്കൾ കഴിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഛത്തീസ്ഗഡിലെ കോർബ ജില്ലയിലാണ് സംഭവം. പാമ്പിന്റെ തലഭാഗവും വാലുമാണ് ചുട്ടുകഴിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ഇരുവരെയും ബന്ധുക്കൾ അടുത്തുള്ള സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാജു പാമ്പിന്റെ തലഭാഗവും ഗുഡ്ഡു വാല്‍ഭാഗവുമാണ് ഭക്ഷിച്ചത്. ഇതിനുശേഷം ഇരുവര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതില്‍ രാജുവിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പാതിവെന്ത പാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു.
ഇന്ദിര നഗര്‍ പ്രദേശത്തെ ദേവാംഗന്‍ പരയിലെ ഒരു വീട്ടിലാണ് വിഷപ്പാമ്പിനെ കണ്ടത്. കുടുംബാംഗങ്ങളിലാരാള്‍ പാമ്പിനെ പിടികൂടി തീയിലേക്ക് എറിഞ്ഞു.പാമ്പിനെക്കണ്ട വീട്ടുടമ ഇതിനെ പിടികൂടി തീയിലിട്ടു.പാതിവെന്ത പാമ്പിനെ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. ഇതുവഴി പോയ യുവാക്കൾ പാമ്പിനെ കാണുകയും, എടുത്തുകൊണ്ടുപോകുകയുമായിരുന്നു. തുടർന്ന് ഇവർ മദ്യത്തിനൊപ്പം പാമ്പിനെ കഴിക്കുകയും ചെയ്തു. പാമ്പിന്റെ തല ഭാഗം കഴിച്ച രാജുവിന്റെ നിലയാണു ഗുരുതരമായി തുടരുന്നത്.