മഹാരാഷ്ട്രയിൽ മന്ത്രി സഭാ പുനഃസംഘടന ചർച്ച ചൂടുപിടിക്കുന്നതിനിടെ സര്‍ക്കാരില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെ കുറിച്ച് പ്രവചനവുമായി ശിവസേന (യു.ബി.ടി.) നേതാവ് ആദിത്യ താക്കറെ.സർക്കാരിൽ ചില മാറ്റങ്ങളുണ്ടാകുമെന്നും മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടെന്നാണ് താന്‍ അറിഞ്ഞതെന്നും ആദിത്യ മാധ്യമങ്ങളോടു പ്രതികരിച്ചു
എന്‍.സി.പി. പിളര്‍ത്തി അജിത് പവാറും എട്ട് എം.എല്‍.എമാരും സര്‍ക്കാരിന്റെ ഭാഗമായതോടെ ഷിന്ദേയെയും അദ്ദേഹത്തിനൊപ്പമെത്തിയ എം.എല്‍.എമാരെയും ബി.ജെ.പി. ഒതുക്കാന്‍ ശ്രമിക്കുന്നെന്ന് വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആദിത്യയുടെ വാക്കുകള്‍ എന്നത് ശ്രദ്ധേയമാണ്. ശിവസേന പിളര്‍ത്തി ബി.ജെ.പിയ്‌ക്കൊപ്പം ചേര്‍ന്നാണ് ഏക്‌നാഥ് ഷിന്ദേ മുഖ്യമന്ത്രിയായത്. ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്‌നാവിസാണ് ഉപമുഖ്യമന്ത്രി.
അജിത് പവാറും എം.എല്‍.എമാരും സര്‍ക്കാരിന്റെ ഭാഗമായതിന് പിന്നാലെ ഷിന്ദേ ഗ്രൂപ്പില്‍നിന്നുള്ള 17-18 എം.എല്‍.എമാര്‍ തങ്ങളുമായി ആശയവിനിമയം നടത്തിയെന്ന് ശിവസേന (യു.ബി.ടി.) വക്താവ് സഞ്ജയ് റാവുത്ത് പറഞ്ഞിരുന്നു. അതേസമയം രാജിവെക്കാന്‍ യാതൊരു ഉദ്ദേശ്യവുമില്ലെന്ന് ഷിന്ദേ വ്യക്തമാക്കിയിട്ടുണ്ട്. അജിത് പവാറിന്റെയും സംഘത്തിന്റെയും വരവിനെ ചൊല്ലി പാര്‍ട്ടിയില്‍ കലാപമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.