ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ മരണത്തില്‍ ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉറ്റ സുഹൃത്തിനെ നഷ്ടമായെന്നായിരുന്നു പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. നാളെ ആദ്ദേഹത്തോടുള്ള ആദരവിന്റെ ഭാഗമായി രാജ്യത്ത് ദുഃഖാചരണം നടത്തും.
”എന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളിലൊരാളാണ് ഇല്ലാതായത്. ജപ്പാനെ മികച്ച രീതിയിലാക്കി മാറ്റുന്നതിന് തന്റെ ജീവിതം മുഴുവന്‍ ഉഴിഞ്ഞുവെച്ച നേതാവും ശ്രദ്ധേയനായ ഭരണാധികാരിയുമായിരുന്നു അദ്ദേഹം. ആഗോളതലത്തിലെ തന്നെ മികച്ച രാഷ്ട്രതന്ത്രജ്ഞനായിരുന്നു ഷിന്‍സോ ആബെ.
വര്‍ഷങ്ങള്‍ നീണ്ട സുഹൃത്ത് ബന്ധമായിരുന്നു ഞങ്ങള്‍ തമ്മിലുണ്ടായിരുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലം മുതല്‍ എനിക്ക് അദ്ദേഹത്തെ പരിചയമുണ്ടായിരുന്നു. ഞാന്‍ പ്രധാനമന്ത്രിയായപ്പോഴും ആ ബന്ധം തുടര്‍ന്നു. സമ്പദ് വ്യവസ്ഥയെക്കുറിച്ചും ആഗോള വിഷയങ്ങള്‍ സംബന്ധിച്ചും അദ്ദേഹത്തിനുണ്ടായിരുന്ന ഉള്‍ക്കാഴ്ചകള്‍ എല്ലായ്‌പ്പോഴും എന്നില്‍ മതിപ്പുളവാക്കിയിരുന്നു.
ഈയടുത്ത് ജപ്പാന്‍ സന്ദര്‍ശിച്ചപ്പോഴും ഷിന്‍സോയെ കാണാനുള്ള അവസരം എനിക്ക് ലഭിച്ചിരുന്നു. ഞങ്ങള്‍ നിരവധി പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു. എപ്പോഴത്തെയും പോലെ രസികനും ഉള്‍ക്കാഴ്ചയുള്ളവനുമായിരുന്നു അന്നും ഷിന്‍സോ. എന്നാല്‍ അത് ഞങ്ങളുടെ അവസാന കൂടിക്കാഴ്ചയാണെന്ന് അറിഞ്ഞിരുന്നില്ല. ജപ്പാന്‍ ജനതയ്ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും അനുശോചനം അറിയിക്കുകയാണ്.
ഇന്ത്യ-ജപ്പാന്‍ ബന്ധം ആഗോളതലത്തിലേക്ക് ഉയര്‍ത്തുന്നതിന് വലിയ സംഭാവനകളാണ് ഷിന്‍സോ നല്‍കിയിട്ടുള്ളത്. ഇന്ന് ജപ്പാന്‍ ജനതയോടൊപ്പം ഇന്ത്യയെന്ന രാജ്യം മുഴുവനും വിലപിക്കുകയാണ്. ഈ ദുഃഖകരമായ ഘട്ടത്തില്‍ ജപ്പാനിലെ സഹോദരീ-സഹോദരന്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് ഇന്ത്യ.
ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ അപ്രതീക്ഷിത വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി ജൂലൈ 9 ദേശീയ ദുഃഖാചരണമായി പ്രഖ്യാപിക്കുന്നു. ഏറ്റവുമൊടുവില്‍ ടോക്കിയോയില്‍ വെച്ച് ഷിന്‍സോയെ കണ്ടപ്പോഴുള്ള ചിത്രം ഇതിനോടൊപ്പം പങ്കുവെക്കുകയാണ്. ‘ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മറ്റൊരു രാഷ്ട്രത്തലവന്റെ വേര്‍പാടില്‍ വളരെ നീണ്ട പ്രതികരണം അറിയിക്കുന്നത്.