മുംബൈ∙ മീരാ റോഡിലെ അപ്പാർട്ട്‌മെന്റിൽ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. കഷണങ്ങളാക്കിയ ശരീര ഭാഗങ്ങൾ ഉപേക്ഷിക്കും മുൻപ് പ്രതിയായ മനോജ് സാഹ്‌നി, അവ പ്രഷർ കുക്കറിൽ വേവിച്ചിരുന്നതായാണ് വെളിപ്പെടുത്തൽ. മരം മുറിക്കുന്ന കട്ടർ ഉപയോഗിച്ച് ശരീര ഭാഗങ്ങൾ കഷണങ്ങളാക്കിയ ശേഷം അവ പ്രഷർ കുക്കറിൽ വേവിച്ചെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഗീതാ നഗർ ഫേസ് ഏഴിൽ ഗീതാ ആകാശ് ദീപ് ബിൽഡിങ്ങിലെ ജെ വിങ്ങിൽ ഫ്ലാറ്റ് 704 ലെ താമസക്കാരനാണ് മനോജ് സാഹ്‌നി. കൊല്ലപ്പെട്ട സരസ്വതി വൈദ്യ (32) ഇയാൾക്കൊപ്പം മൂന്നു വർഷമായി ഈ ഫ്ലാറ്റിലാണ് താമസം. ഫ്ലാറ്റിൽനിന്ന് ദുർഗന്ധം വമിക്കുന്നതായി ബുധനാഴ്ച വൈകിട്ട് അയൽക്കാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം പുറത്തായത്.
ഫ്ലാറ്റിനുള്ളിൽ പൊലീസ് നടത്തിയ പരിശോധനയിൽ ചില മൃതദേഹ ഭാഗങ്ങളാണ് ലഭിച്ചത്. ഇവയ്ക്ക് മൂന്നോ നാലോ ദിവസത്തെ കാലപ്പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതിയുടെ ചില ശരീരഭാഗങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും പ്രതി എവിടെയെങ്കിലും ഉപേക്ഷിച്ചതാണോയെന്ന് സംശയിക്കുന്നതായും നയാനഗർ പൊലീസ് പറഞ്ഞു. തെളിവു നശിപ്പിക്കുന്നതിനായി പ്രതി, പങ്കാളിയുടെ മൃതദേഹം ഇരുപതിലധികം കഷണങ്ങളാക്കി ഉപേക്ഷിച്ചെന്നാണ് റിപ്പോർട്ട്. ഇവ വേവിച്ച ശേഷം പ്ലാസ്റ്റിക് ബാഗുകളിലാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു.